വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ സ്വാത് ജില്ലയിൽ വിശുദ്ധ ഖുർആൻ അവഹേളിച്ചുവെന്നാരോപിച്ച് രോഷാകുലരായ ജനക്കൂട്ടം ഒരാളെ കൊല്ലുകയും തുടർന്നുണ്ടായ സംഘർഷത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
പഞ്ചാബിലെ സിയാൽകോട്ട് ജില്ലയിൽ നിന്നുള്ള ആൾ വ്യാഴാഴ്ച രാത്രി സ്വാത്തിലെ മദ്യൻ തഹസിൽ വെച്ച് വിശുദ്ധ ഖുർആനിൻ്റെ ചില പേജുകൾ കത്തിച്ചതായി ജില്ലാ പോലീസ് ഓഫീസർ (ഡിപിഒ), സ്വാത്, സാഹിദുള്ള പറഞ്ഞു.
പ്രതിയെ കസ്റ്റഡിയിലെടുത്ത് മദ്യൻ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇയാളെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒരു ജനക്കൂട്ടം പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി. പോലീസ് ഇത് നിരസിച്ചതിനെ തുടർന്ന് ജനക്കൂട്ടം വെടിയുതിർക്കുകയും പോലീസ് തിരിച്ചടിക്കുകയും ചെയ്തു. വെടിവയ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു, ഇയാളെ മദ്യൻ ആശുപത്രിയിലേക്ക് മാറ്റിയതായി ഡിപിഒ അറിയിച്ചു.



