കർദിനാൾ ലൂയിസ് റാഫേൽ സാക്കോയെ കൽദായ കത്തോലിക്കാ സഭയുടെ തലവനായി അംഗീകരിച്ച് ഇറാഖ് പ്രസിഡന്റ്. ഇറാഖിലെ ഉന്നത ക്രിസ്ത്യൻനേതാവും 2021-ൽ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖിലേക്കുള്ള ചരിത്രപരമായ സന്ദർശനത്തിന്റെപിന്നിൽ പ്രവർത്തിച്ച വ്യക്തിയുമായ കർദിനാൾ സാക്കോ, ഇറാഖി സർക്കാരിനും അതിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനുമിടയിലുള്ള ഒരു പ്രധാന സംഭാഷകനാണ്.

പ്രസിഡന്റ് അബ്ദുൾ ലത്തീഫ് റാഷിദ് അദ്ദേഹത്തെ കൽദായസഭയുടെ തലവനായി അംഗീകരിച്ച ഉത്തരവ് റദ്ദാക്കിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ സാക്കോ, ബാഗ്ദാദ് വിട്ട് വടക്കൻ ഇറാഖിലെ സ്വയംഭരണാധികാരമുള്ള കുർദിസ്ഥാൻ മേഖലയിൽ സ്ഥിരതാമസമാക്കിയിരുന്നു. എന്നാൽ ജൂൺ 11-ന്, പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയുടെ ഉത്തരവുപ്രകാരം സാക്കോയെ സഭയുടെ നേതാവായി വീണ്ടും നാമകരണം ചെയ്തു.

ഇതേതുടർന്ന് “ഞാൻ ബാഗ്ദാദിലേക്കു മടങ്ങും” എന്ന് കർദിനാൾ വെളിപ്പെടുത്തി. “നിയമവാഴ്ച നിലനിൽക്കുന്നതിനാൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഇത് ക്രിസ്ത്യാനികൾക്ക് അവരുടെ അവകാശങ്ങളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് കൂടുതൽ പ്രതീക്ഷ നൽകുന്നു” – ബാഗ്ദാദിലെ അപൂർവസന്ദർശനത്തിനിടെ ഏപ്രിലിൽ സുഡാനിയെ കണ്ട കർദിനാൾ കൂട്ടിച്ചേർത്തു.