പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാനുള്ള ആയിരത്തോളം സൗജന്യകേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയില്ല. ഇതില്‍ 30 കേന്ദ്രങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയത്. പ്രവാസികളെ സര്‍ക്കാര്‍ ചതിച്ചെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

പ്രവാസികള്‍ തിരികെ വരുന്ന സമയത്ത് സര്‍ക്കാരിന്റെ മുമ്ബിലുണ്ടായിരുന്ന പ്രധാന ആശങ്ക ഇവരെ എവിടെ ക്വാറന്റൈന്‍ ചെയ്യുമെന്നതായിരുന്നു. അതിനൊരു പരിഹാരമെന്ന നിലയിലാണ് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ക്വാറന്റൈന് വേണ്ടി വിട്ടുനല്‍കാമെന്ന് സര്‍ക്കാരിനെ മുസ്‌ലിം ലീഗ്‌ അറിയിച്ചത്. എ.പി- ഇ.കെ സമസ്തയും, ജമാഅത്തെ ഇസ്‌ലാമിയും, മുജാഹിദ് വിഭാഗങ്ങളും, പീപ്പിള്‍സ് ഫൗണ്ടേഷനും അവരുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഹോസ്റ്റലുകളും, ആശുപത്രികളും കൈമാറാനുള്ള സന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

ആയിരത്തോളം സ്ഥാപനങ്ങള്‍ ഇത്തരത്തിലുണ്ടായിരുന്നിട്ടും വെറും 30 എണ്ണം മാത്രമാണ് സര്‍ക്കാര്‍ ക്വാറന്‍റൈന് വേണ്ടി ഉപയോഗിച്ചത്. ചില ഹോട്ടല്‍ ഉടമകളും, ലോഡ്ജ് നടത്തുന്നവരും സ്ഥാപനങ്ങള്‍ വിട്ടുനല്‍കിയിരുന്നെങ്കിലും അതും സര്‍ക്കാര്‍ ഉപയോഗിച്ചില്ല എന്നും ആരോപണമുണ്ട്.