ഏഷ്യകപ്പില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിരാട് കോഹ്ലി 35, ജഡേജ 35 എന്നിവരാണ് ഇന്ത്യയുടെ മികച്ച സ്‌കോറമാര്‍. 17 പന്തില്‍ 33 റണ്‍സെടുത്ത പാണ്ഡ്യയുടെ പ്രകടനവും നിര്‍ണായകമായി.
ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ (0) പൂജ്യനായി മടങ്ങി. നസീം ഷായ്ക്കാണ് വിക്കറ്റ്. പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ രോഹിത്തിനെയും (12), പിന്നാലെ കോഹ്ലിയും പുറത്തായി. എന്നാല്‍ ഒരറ്റത്ത് രവീന്ദ്ര ജഡേജ നില ഉറപ്പിച്ചത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. സൂര്യകുമാര്‍ യാദവ് (18) മായി ചേര്‍ന്ന് ജഡേജ വിജയ വഴി ഒരുക്കുകയായിരുന്നു . പതിനഞ്ചാം ഓവറില്‍ സൂര്യകുമാര്‍ പുറത്താകുമ്പോള്‍ 89 ന് നാല് എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീടെത്തിയ ഹാര്‍ദീക് പാണ്ഡ്യ സ്‌കോറിംഗ് ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതാണ് ഇന്ത്യന്‍ വിജയത്തിടയാക്കിയത്. 20 ാം ഓവറില്‍ ജഡേജ പുറത്താകുമ്പോള്‍ 5 പന്തുകളില്‍ 7 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയത്. അവസാന ഓവറിന്റെ നാലാമത്തെ പന്തില്‍ സിക്‌സര്‍ പറത്തിയാണ് പാണ്ഡ്യ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 29 പന്തുകളില്‍ നിന്ന് 35 റണ്‍സ് നേടിയ ജഡേജയുടെയും 17 പന്തില്‍ 33 റണ്‍സെടുത്ത പാണ്ഡ്യയുടെ ബാറ്റിംഗ് മികവാണ് വിജയത്തില്‍ നിര്‍ണായകമായത്.
നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 19.5 ഓവറില്‍ 147 റണ്‍സില്‍ പാക്കിസ്ഥാന്‍ ഓള്‍ഔട്ടായി. 42 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. ഇന്നിംഗ്സിന്റെ തുടക്കം മുതല്‍ പാക്കിസ്ഥാന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. 50 റണ്‍സെടുക്കുന്നതിനെ പാക് നിരയിലെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ 15 ല്‍ നില്‍ക്കുമ്പോള്‍ മൂന്നാം ഓവറില്‍ 10 റണ്‍സെടുത്ത പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. പിന്നീട് ആറാം ഓവറില്‍ ഫഖര്‍ സമാനെ (10) ആവേശ് ഖാന്‍ മടക്കി.
പിന്നീട് ഹാര്‍ദീക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ബൗളിങില്‍ പാക് ബാറ്റര്‍മാര്‍ ചീട്ട് കൊട്ടാരം പോലെ വീഴുന്ന കാഴ്ചയാണ് കണ്ടത്. പാക് നിരയില്‍ മികച്ച നിലയില്‍ ബാറ്റ് വിശീയ മുഹ്ഹമ്മദ് റിസ്വാനെയും(43), 28 റണ്‍സെടുത്ത ഇഫ്തിഖര്‍ അഹമ്മദിനെയും ഖുശ്ദില്‍ ഷായെയും (1) പാണ്ഡ്യ തന്നെയാണ് പുറത്താക്കിയത്.
ആസിഫ് അലി (9), മുഹമ്മദ് നവാസ് (1), ഷദാബ് ഖാന്‍ (10), നസീം ഷാ (0) എന്നിവരാണ് പുറത്തായ മറ്റ് പാക് താരങ്ങള്‍. അവസാന ഓവറുകളില്‍ അപ്രതീക്ഷിതമായി റണ്‍സ് സ്‌കോര്‍ ചെയ്ത ഹാരിസ് റൗഫും (13*), ഷാനവാസ് ദഹാനിയുമാണ് (ആറ് പന്തില്‍ 16) പാക് സ്‌കോര്‍ 140 കടത്തിയത്. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വറും നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കുമാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്.



