കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ടേബിള്‍ ടോപ് റണ്‍വേയില്‍ വിമാനത്തിന്‍്റെ രണ്ടാമത്തെ ലാന്‍ഡിങ് കൃത്യതയോടെ നിറവേറ്റാമെന്ന് തന്നെയായിരിക്കും ഒരു പക്ഷേ എയര്‍ ഇന്ത്യ എക്സ്‌പ്രസിന്‍്റെ ക്യാപ്ടന്‍ ദീപക് സാത്തേ വിചാരിച്ചത്. കാരണം അത്രമേല്‍ വ്യോമയാന രംഗത്ത് അദ്ദേഹത്തിന് പരിചയ സമ്ബത്തുണ്ട്. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. റണ്‍വേയില്‍ നിന്നും തെന്നിമാറി 35 അടി താഴ്ചയിലേക്ക് വിമാനം പതിച്ച്‌ ദീപക് സാത്തെയും കോ പൈലറ്റും ഉള്‍പ്പെടെ 19 പേരാണ് മരിച്ചത്.

എന്നാല്‍ അദ്ദേഹത്തിന്‍്റെ അവസാന നിമിഷത്തിലെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടത് നൂറ് കണക്കിന് ജീവനുകളാണ്. വന്ദേഭാരത് മിഷന്‍ ദൗത്യത്തിന്‍്റെ ഭാഗമായി വെള്ളിയാഴ്ച ദുബായിയില്‍ നിന്നും കരിപ്പൂരിലേക്ക് 190 യാത്രികരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്താവളത്തില്‍ ആദ്യം ലാന്‍ഡിങ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് രണ്ടാമത് ഉയര്‍ന്ന് പൊങ്ങി റണ്‍വേയില്‍ പറന്നിറങ്ങിയ വിമാനം തെന്നിനീങ്ങിയപ്പോള്‍ വീണ്ടും ടേക്ക് ഓഫ് നടത്താന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. വിമനം അപകടത്തിലേക്കാണ് പോകുന്നതെന്ന് മനസിലാക്കിയ അദ്ദേഹം എഞ്ചിന്‍ നിര്‍ത്തുകയായിരുന്നു. വിമാനത്തിന് തീപിടിക്കരുത് എന്ന ഉദ്ദ്യേശത്തോടെയാണ് അദ്ദേഹം അവസാന നിമിഷം എഞ്ചിന്‍ ഓഫ് ചെയ്തത്. ഇത് ദുരന്തിന്‍്റെ വ്യാപ്തി കുറക്കാന്‍ ഏറെ സഹായകമായി.

ഇന്ത്യന്‍ വ്യോമസേനയിലെ കരുത്തുറ്റ ഓഫീസറായിരുന്നു ദീപക് സാത്തെ. പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും 1981ല്‍ ‘സോര്‍ഡ് ഓഫ് ഓണ്‍ര്‍’ കരസ്ഥമാക്കിയാണ് വ്യോമസേനയില്‍ അണിനിരന്നത്. യുദ്ധ വിമാനങ്ങളിലെ പൈലറ്റായിട്ടും അദ്ദേഹം സൈനിക വേഷമണിഞ്ഞു. വിങ് കമാന്‍ഡറായിരുന്നു അദ്ദേഹം ഗോള്‍ഡന്‍ ആരോസ് എന്നറിയപ്പെടുന്ന 17 സ്ക്വാഡ്രണില്‍ മിഗ് 21 യുദ്ധവിമാനവും പറത്തിയിട്ടുണ്ട്. എയര്‍ ഫോഴ്സ് ട്രെയിങ് അക്കാദമിയിലെ ഇന്‍സ്ട്രകടറായും അദ്ദേഹം പ്രവര്‍ത്തിച്ചു. ടെസ്റ്റിങ് ഫ്ലൈറ്റായും അദ്ദേഹം സേനയുടെ ഭാഗമായി. വ്യോമസേനയിലെ അന്‍പത്തി എട്ടാമത് എന്‍ഡിഎ പ്രസിഡന്‍്റ് സ്വര്‍ണ്ണമെഡലും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

21 വര്‍ഷം അദ്ദേഹം വ്യോമസേനയുടെ ഭാഗമായതിനു ശേഷം 2003ല്‍ സ്വയം വിരമിച്ച്‌ 2005ല്‍ എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചത്. 18 വര്‍ഷം അദ്ദേഹം എയര്‍ ഇന്ത്യയില്‍ സേവനമനുഷ്ടിക്കുകയും ചെയ്തു. തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പ്രവേശിച്ചത്. പ്രധാനമായും ബോയിങ് 737 വിമാനങ്ങള്‍ പറത്തുന്നതില്‍ അദ്ദേഹത്തിന് ഏറെ വൈദഗ്ദ്യമുണ്ടായിരുന്നു. നീണ്ട 36 വര്‍ഷത്തെ സര്‍വ്വീസിനിടെ യാതൊരു തരത്തിലുള്ള അപകടങ്ങളും ഉണ്ടായിട്ടില്ല എന്നത് അദ്ദേഹത്തിന്‍്റെ വ്യോമയാനരംഗത്തെ കഴിവിനെ എടുത്ത് കാട്ടുന്നു.

അദ്ദേഹത്തിന്‍്റെ മരണവാര്‍ത്ത കേട്ട് മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ മന്മോഹന്‍ ബഹദൂര്‍ അടക്കം നിരവധി പ്രമുഖരാണ് അനുശോചനം രേഖപ്പെടുത്തിയത്. ദീപക് സാത്തെയുടെ അവസരോചിത ഇടപെടലാണ് ദുരന്തത്തിന്‍്റെ വ്യാപ്തി കുറച്ചതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വ്യക്തമാക്കി.