വാഷിങ്ടൻ ഡി സി ∙ ക്യാപിറ്റോൾ ആക്രമണത്തെക്കുറിച്ചു അന്വേഷിക്കുന്നതിന് കമ്മിറ്റിയെ നിയമിക്കുവാൻ യുഎസ് ഹൗസ് തീരുമാനിച്ചു. യുഎസ് ഹൗസിൽ നടന്ന വോട്ടെടുപ്പിൽ 222 പേർ കമ്മിറ്റിക്കനുകൂലമായി വോട്ടു ചെയ്തപ്പോൾ 190 പേർ എതിർത്തു. 222 പേരിൽ രണ്ടു റിപ്പബ്ലിക്കൻ അംഗങ്ങളും ഉൾപ്പെടുന്നു.

ഇരുപാർട്ടികളും സഹകരിച്ചു ഒരു കമ്മീഷനെ നിയമിക്കാൻ കഴിയാത്തതിൽ ഞാൻ അതിയായി ദുഃഖിക്കുന്നു. വോട്ടെടുപ്പിനു മുമ്പു യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. ഇപ്പോൾ അതിൽ പരാജയപ്പെട്ടുവെങ്കിലും ഭാവിയിൽ അതിനു കഴിയുമെന്ന് പ്രത്യാശിക്കുന്നതായി നാൻസി പറഞ്ഞു.

യുഎസ് ഹൗസ് പാസാക്കിയ തീരുമാനം ഇനി യുഎസ് സെനറ്റിൽ ചർച്ച ചെയ്തു വോട്ടെടുപ്പിനിടും. അടുത്ത തിരഞ്ഞെടുപ്പിൽ ട്രംപിന്റെ മുന്നേറ്റം തടയുക എന്നതാണ് ഇതു കൊണ്ടുദ്ദേശിക്കുന്നതെന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾ ആരോപിച്ചു.

ജനുവരി 6ന് നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു കമ്മറ്റിയെ നിയമിക്കുന്നതിനുള്ള നീക്കം റിപ്പബ്ലിക്കൻ പാർട്ടി ശക്തിയായി എതിർത്തിരുന്നു. മുൻ പ്രസിഡന്റിനെ കടന്നാക്രമിക്കുക എന്നതാണ് നാൻസി പെലോസി ഉദ്ദേശിക്കുന്നതെന്നും ഇവർ ആരോപിച്ചു.

യുഎസ് ഹൗസിലെ മൈനോറട്ടി ലീഡർ കെവിൻ മെക്കാർത്തി കമ്മറ്റിയുമായി സഹകരിക്കുമോ എന്നതിനെ കുറിച്ചു അഭിപ്രായം പറയുന്നതിന് വിസമ്മതിച്ചു. ഡമോക്രാറ്റിക് പാർട്ടിയോടൊപ്പം അനുകൂലിച്ചു വോട്ടു ചെയ്ത റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളിൽ ഒരാളെ കമ്മീഷൻ അംഗമായി നിയമിക്കുമെന്നാണു നാൻസി പെലോസിയുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.