വാഷിംഗ്ടൺ ∙ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ അംഗീകാരം ലഭിക്കാത്ത ഇന്ത്യയുടെ കോ വാക്സിൻ, റഷ്യയുടെ സ്പുട്നിക്ക് എന്നീ വാക്സിനുകൾ സ്വീകരിച്ച വിദ്യാർഥികൾ പഠനത്തിനായി ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തുമ്പോൾ വീണ്ടും വാക്സീൻ സ്വീകരിക്കണമെന്ന് അമേരിക്കയിലെ 400 യുഎസ് കോളജുകളും യൂണിവേഴ്സിറ്റികളും കർശന നിർദേശം നൽകി.

കൊളംബിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്റർനാഷണൽ ആന്റ് പബ്ലിക്ക് അഫയേഴ്സിൽ മാസ്റ്റേഴ്സ് ഡിസ്ട്രിക്കായി ഇന്ത്യയിൽ നിന്നെത്തിയ മില്ലനി ദോഷി എന്ന വിദ്യാർഥി കോ വാക്സീന്റെ രണ്ടു ഡോസ് ഇന്ത്യയിൽ നിന്നും സ്വീകരിച്ചിരുന്നുവെങ്കിലും, യൂണിവേഴ്സിറ്റി ക്യാംപസിലെത്തുമ്പോൾ ഇവിടെ അംഗീകാരമുള്ള മറ്റേതെങ്കിലും വാക്സീൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടു ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചവർ വീണ്ടും കോവിഡ് വാക്സീൻ സ്വീകരിക്കണമെന്നാവശ്യപ്പെടുമ്പോൾ അതിലടങ്ങിയിരിക്കുന്ന മെഡിക്കൽ ആന്റ് ലോജിസ്റ്റിക്കൽ വിഷയങ്ങൾ പഠന വിധേയമാക്കേണ്ടതുണ്ടെന്നാണു വിദഗ്ദരുടെ അഭിപ്രായം. അമേരിക്കയിൽ വിതരണം ചെയ്യുന്ന ഫൈസർ, മോഡേണ, ജോൺസൻ ആന്റ് ജോൺസൻ എന്നീ വാക്സീനുകൾക്ക് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും കോളജുകളിൽ പ്രവേശനം ലഭിച്ചു വരുന്ന വിദ്യാർഥികളെ സംബന്ധിച്ച് വാക്സീൻ സ്വീകരിക്കുന്നതു വലിയൊരു തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.