ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾക്കിടെ, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കാൻ വോട്ടർ പട്ടിക പരസ്യമാക്കണമെന്ന ആവശ്യവുമായി മൂന്നു പാർട്ടി നേതാക്കൾ രംഗത്തെത്തി. 2000 ലേതിനെ അനുസ്മരിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് പാർട്ടിക്കകത്ത് ഇപ്പോൾ നടക്കുന്നത്. അന്നു കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധിയും ജിതേന്ദ്ര പ്രസാദയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത തർക്കവിഷയമായിരുന്നു.

2000-ൽ, അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നപ്പോൾ, പ്രസാദ ക്യാമ്പ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികളുടെ പട്ടികയിൽ കൃത്രിമം നടന്നതായി ആരോപണം ഉയർന്നു. വോട്ടർപട്ടികയിൽ വ്യാജ പേരുകളുണ്ടെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിച്ചിരുന്നു. അതേ ആരോപണങ്ങൾ പാർട്ടിയെ വീണ്ടും വേട്ടയാടുകയാണ്.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമത്തിൽ നേതൃത്വത്തിനെതിരെ ചോദ്യവുമായി മനീഷ് തിവാരി രംഗത്തെത്തിയിരുന്നു. ‘വോട്ടർ പട്ടികയില്ലാതെ എങ്ങനെ നീതിപൂർവകവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് നടത്താൻ കഴിയും? തിരഞ്ഞെടുപ്പ് സുതാര്യമാകണമെങ്കിൽ വോട്ടർമാരുടെ പേരും വിലാസവും കോൺഗ്രസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം’, ലോക്സഭാ എംപിയും ജി 23 കൂട്ടായ്മയിലെ നേതാവുമായ മനീഷ് തിവാരി ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പ് ഷെഡ്യൂൾ അംഗീകരിച്ച കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിൽ പങ്കെടുത്ത ജി-23 നേതാവ് ആനന്ദ് ശർമ്മ ഇതേ വിഷയം ഉന്നയിച്ചതിന് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം. ഏകദേശം 9,000 പിസിസി പ്രതിനിധികളിൽ വ്യക്തതയില്ലെന്ന് ശർമ്മ വാദിച്ചിരുന്നു.

വോട്ടർ പട്ടിക പരസ്യപ്പെടുത്താൻ കഴിയില്ലെന്നാണ് ചൊവ്വാഴ്ച നൽകിയ അഭിമുഖത്തിൽ, പാർട്ടിയുടെ സിഇഎ ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞത്. ”വോട്ടർ പട്ടിക പിസിസിയുടെ പക്കലുണ്ട്. അത് കാണാൻ ആഗ്രഹിക്കുന്നവർക്ക് പിസിസിയുമായി ബന്ധപ്പെടാം. രണ്ടാമതായി, നോമിനേഷൻ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങൾ അവസരം നൽകും. അത് പൊതുജനങ്ങൾക്കുള്ളതല്ല. ഇതൊരു സംഘടനാ തിരഞ്ഞെടുപ്പാണ്, ഞങ്ങളുടെ അംഗങ്ങൾക്ക് അത് കാണാം. അത് നമ്മുടെ സ്വത്താണ്,” അദ്ദേഹം പറഞ്ഞു.