തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കൊവിഡ് കണ്‍ട്രോള്‍ ടീമുകള്‍ രൂപീകരിക്കുമെന്ന് ജില്ലാ ഭരണകൂടം. രോഗികള്‍ വര്‍ധിക്കുന്നതിനാല്‍ നിരീക്ഷണം പ്രാദേശികതലത്തില്‍ ശക്തിപ്പെടുത്തി. വാര്‍ഡ് തല കണ്‍ട്രോള്‍ ടീമുകള്‍ രൂപീകരിച്ച്‌ താഴെത്തട്ടില്‍ പ്രതിരോധ പ്രവര്‍ത്തനം സജീവമാകാനാണ് പുതിയ നീക്കം. കോവിഡ് പ്രതിരോധത്തിനായി ജില്ലാതലത്തില്‍ നടപ്പാക്കേണ്ട പുതിയ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായാണു നിര്‍ദേശം. റസിഡന്റ്‌സ് അസോസിയേഷനുകളില്‍ രൂപം നല്‍കുന്ന പൊതുജനാരോഗ്യ സേന അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണു ടീമിന്റെ പ്രവര്‍ത്തനം.

എല്ലാ ദിവസവും വാര്‍ഡ്തല കൊവിഡ് കണ്‍ട്രോള്‍ ടീം യോഗം ചേര്‍ന്നു സ്ഥിതി വിലയിരുത്തുകയും അടുത്ത ദിവസത്തെ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുകയും വേണം. പഞ്ചായത്ത്, നഗരസഭാ തലത്തിലും ദിവസേനയുള്ള റിവ്യൂ നിര്‍ബന്ധമാക്കണം. ഓണ്‍ലൈന്‍ സൗകര്യം ഇതിനായി പ്രയോജനപ്പെടുത്തണം. ടീമുകളുടെ രൂപീകരണം സംബന്ധിച്ച്‌ ഓഗസ്റ്റ് 31 നകം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കു റിപ്പോര്‍ട്ട് നല്‍കണം.

മാര്‍ക്കറ്റുകള്‍, കടകള്‍, തെരുവോര കച്ചവട കേന്ദ്രങ്ങള്‍, മത്സ്യവ്യാപാരികള്‍, ലഘുഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കണം. പൊതു ഇടങ്ങളില്‍ ബ്രേക്ക് ദി ചെയിന്‍ പരിപാടികള്‍ നടപ്പാക്കണം. ആളുകള്‍ ഒത്തു കൂടുന്നുണ്ടോയെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കാന്‍ സര്‍വൈലന്‍സ് ചെക് വാക് നടത്തണം. കോവിഡ് 19 പ്രോട്ടോക്കോള്‍ നിരന്തരം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കണം.

മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, 10 വയസിനു താഴെയുള്ളവര്‍ എന്നിവര്‍ സുരക്ഷിതരായിരിക്കുന്നുവെന്ന് ഉറപ്പാക്കണം. രോഗ ലക്ഷണം കണ്ടെത്താന്‍ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ചു വ്യക്തികളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവു കണ്ടെത്തുന്നതിനായി സ്ഥിരം കിയോസ്‌കുകള്‍ വീടുകളില്‍പ്പോയി പരിശോധന നടത്തുന്ന ടീമുകള്‍ എന്നിവ രൂപീകരിക്കണം. ഓക്‌സിജന്‍ അളവ് 95 ശതമാനത്തില്‍ താഴെയുള്ളവരെ തൊട്ടടുത്ത പരിശോധനാ കേന്ദ്രത്തിലേക്ക് എത്തിക്കണം.

വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് സാമൂഹിക പിന്തുണ നല്‍കണം. പള്‍സ് ഓക്‌സിമീറ്റര്‍, തെര്‍മോമീറ്റര്‍ എന്നിവ ഇവര്‍ക്കു വാങ്ങി നല്‍കാനാണ് ആലോചന. ദിവസവും രോഗവിവരം ആരായുകയും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ ജില്ലാ കോള്‍സെന്ററുമായി ബന്ധപ്പെട്ടു തുടര്‍ നടപടി സ്വീകരിക്കുകയും വേണം.

60 വയസിനു മുകളിലള്ളവര്‍, ഗര്‍ഭിണികള്‍, ജീവിതശൈലി രോഗമുള്ളവര്‍, പത്തു വയസിനു താഴെയുള്ളവര്‍ തുടങ്ങി താരതമ്യേന ആരോഗ്യം കുറവുള്ള വിഭാഗത്തില്‍പ്പെടുന്നവരുടെ ലിസ്റ്റ് ആശാവര്‍ക്കര്‍മാരും അംഗന്‍വാടി വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമകള്‍ തയാറാക്കണം. ടീം അംഗങ്ങള്‍ തങ്ങളുടെ പരിധിയില്‍പ്പെടുന്ന ആളുകളെ നിരന്തരം വിളിച്ച്‌ ആരോഗ്യ അന്വേഷണം നടത്തണമെന്നുമാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം.