വാഷിങ്ടണ്‍: കോവിഡ് വ്യാപനവും പ്രതിസന്ധിയും അടുത്തകാലത്തൊന്നും അവസാനിയ്ക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഐഎം.എഫ്.
കോവിഡ് പ്രതിരോധ വാക്‌സിന്‍ തയാറായി കഴിഞ്ഞാല്‍ എല്ലാവര്‍ക്കും വിതരണം ചെയ്യുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ സഹകരണം ആവശ്യമാണെന്നും ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവിയയും ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥും ഫോറിന്‍ പോളിസി മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് കേന്ദ്രസര്‍ക്കാറിന്റെയും കേന്ദ്ര ബാങ്കിന്‍െയും പിന്തുണ ആവശ്യമായിവരും.

ലോകത്ത് ഒമ്പതുലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 2021ഓടെ കോവിഡ് പ്രതിസന്ധിയുടെ മൊത്തം ചെലവ് 12 ട്രില്ല്യണ്‍ ഡോളറിലെത്തും. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ഇതോടെ സഹായം ആവശ്യമായി വരുമെന്നും ഐ.എം.എഫ് വ്യക്തമാക്കി.

കോവിഡ് 19ന്റെ സാഹചര്യത്തില്‍ 47 കുറവ് വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ 75 രാജ്യങ്ങള്‍ക്ക് ഐ.എം.എഫ് അടിയന്തര ധനസഹായം നല്‍കിയിരുന്നു. മധ്യവര്‍ഗ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ തയാറാണ്. ഈ ആരോഗ്യ പ്രതിസന്ധി മറികടക്കാന്‍ എല്ലാ രാജ്യങ്ങളുടെയും സഹകരണം ആവശ്യമായിവരുമെന്ന് ഐഎംഎഫ് പറയുന്നു