ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു. ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക് 73.64 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 60,091 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. പ്രതിദിനം രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡ് വര്‍ധനയാണ്. പുതുതായി നിരവധിപ്പേര്‍ രോഗമുക്തി നേടിയതോടെ, ആശുപത്രി വിട്ടവരുടെ എണ്ണം 20 ലക്ഷം കടന്നു. മരണനിരക്ക് 1.91 ശതമാനമായി താഴ്ന്നതാണ് മറ്റൊരു പ്രതീക്ഷ നല്‍കുന്ന കണക്ക്. മരണനിരക്ക് ഒരു ശതമാനമായി കുറച്ചു കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,531 പേര്‍ക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 27,67,274 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരിലേറെ കോവിഡ്​ മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തി​ന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1092 മരണമാണ്​​ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്​. ഇതോടെ കോവിഡ് രോഗബാധയെ തുടര്‍ന്ന്​ മരിച്ചവരുടെ എണ്ണം 52,889 ആയി.