കോവിഡ് ഭേദമായതിനു ശേഷം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പഠനം. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരെക്കാള്‍ കോവിഡ് വന്നതിനു ശേഷം ഒരു ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചവര്‍ക്ക് ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കുവാനുള്ള ശേഷിയുണ്ടെന്ന് പഠനം തെളിയിക്കുന്നതായി ഐസിഎംആര്‍ വ്യക്തമാക്കി. ഐസിഎംആര്‍ , പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ന്യൂറോ സര്‍ജറി, കമാന്‍ഡ് ഹോസ്പിറ്റല്‍, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളജ് പൂനെ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയിരിക്കുന്നത്.

ന്യൂട്രലൈസേഷന്‍ ഓഫ് ഡെല്‍റ്റ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീല്‍ഡ് വാക്‌സിന്‍സ് ആന്റ് കൊവിഡ് റിക്കവേര്‍ഡ് വാക്‌സിനേറ്റഡ് ഇന്‍ഡിവിജ്വല്‍സ് എന്ന പഠനത്തിലാണ് ഇക്കാര്യത്തെ കുറിച്ച്‌ വ്യക്തമാക്കുന്നത്. ഡെല്‍റ്റ വകഭേദത്തെ ചെറുക്കാനുള്ള പ്രതിരോധശേഷി മറ്റുള്ളവരിലേതിനേക്കാള്‍ കോവിഡ് വന്ന് ഭേദമായതിനു ശേഷം ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉണ്ടെന്നാണ് പഠനം കാണിക്കുന്നത്.