ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് പ്രതിരോധ, ചികിത്സ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി നാല് ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റിയത്. കേന്ദ്ര സര്‍വീസില്‍ ഡല്‍ഹിയിലുള്ള വേറെ രണ്ട് ഐഎഎസ് ഉദ്യോസ്ഥരുടെ സേവനവും വിട്ടുനല്‍കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.
ആന്‍ഡമാന്‍ നിക്കോബറില്‍ നിന്ന് അവനീഷ് കുമാര്‍, മോനിക്ക പ്രിയദര്‍ശിനി, അരുണാചല്‍ പ്രദേശില്‍ നിന്ന് ഗൗരവ് സിംഗ് രജാവത്, വിക്രം സിംഗ് മാലിക് എന്നിവരെയാണ് ഉടന്‍ പ്രാബല്യത്തോടെ ഡല്‍ഹിയിലേക്കു സ്ഥലം മാറ്റിയത്. കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ എസ്.സി.എല്‍ ദാസ്, എസ്.എസ്. യാദവ് എന്നിവരെയും ഡല്‍ഹിയില്‍ കോവിഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്കായി നിയമിച്ചിട്ടുണ്ട്.