തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മലയാളിക്കിന്ന് തിരുവോണം. ഒത്തുചേരലും വിപുലമായ ആഘോഷങ്ങളുമില്ലാത്ത നിറംമങ്ങിയ ഒരോണക്കാലമാണ് മലയാളിക്കിത്. സാമൂഹ്യ അകലമില്ലാത്ത, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതിയ കാലം പിറക്കുമെന്ന പ്രത്യാശയിലാണു കേരളം ഇത്തവണ ഓണം ആഘോഷിക്കുന്നത്.

തിരുവോണ ദിവസമായ ഇന്ന് കേരളത്തിലെ ഏക വാമനമൂര്‍ത്തി ക്ഷേത്രമായ തൃക്കാക്കരയിലും ആഘോഷം ചടങ്ങുകളില്‍ ഒതുങ്ങും. രാവിലെ ഏഴരയ്ക്ക് മഹാബലിയെ എതിരേല്‍ക്കുന്നതാണ് പ്രധാന ചടങ്ങ്. വൈകിട്ട് അഞ്ചിന് കൊടിയിറക്കല്‍. അഞ്ച് മുപ്പതിന് ആറാട്ടെഴുന്നളളത്തോടെ ചടങ്ങുകള്‍ക്ക് സമാപനമാകും. കൊവിഡ് പശ്ചാത്തലത്തില്‍ പ്രസിദ്ധമായ തൃക്കാക്കര തിരുവോണ സദ്യ ഒഴിവാക്കിയിട്ടുണ്ട്.

പൂപ്പൊലിയും പൂക്കളങ്ങളും ഓണക്കളിയുമായി പൊന്‍ചിങ്ങത്തിലെ അത്തം മുതല്‍ പത്തു നാള്‍ നീളുന്ന കൂട്ടായ്മയുടെ ആഘോഷവും ഗതകാലസ്മരണയുടെ പൂക്കാലവുമാണ് മലയാളിക്ക് ഓണം. തൃശൂരിലെ പുലിക്കളിയും തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയും ആറന്മുള്ള വള്ളസദ്യയും തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഓണാഘോഷവും മലയാളിക്ക് ഓര്‍മയാണ് ഈ വര്‍ഷം. ആഘോഷം വീട്ടുമുറ്റങ്ങള്‍ക്കപ്പുറം കടന്നില്ല.

അസാധാരണമായ ലോകസാഹചര്യത്തിലാണ് തിരുവോണം എത്തുന്നതെന്നും അതിനാല്‍ രോഗം വരാതെ എല്ലാവരും ശ്രദ്ധിച്ചേ മതിയാവൂയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഓണസന്ദേശത്തില്‍ പറഞ്ഞത്. അസാധാരണമാം വിധം മ്ലാനമായ അന്തരീക്ഷത്തെ മുറിച്ചു കടക്കാന്‍ നമുക്കു കഴിയുമെന്ന പ്രത്യാശ പടര്‍ത്തിയാവണം ഓണാഘോഷമെന്ന് ഓര്‍മിപ്പിച്ച മുഖ്യമന്ത്രി കോവിഡ് വൈറസ് വ്യാപനത്തിന് ഇടനല്‍കുന്ന ഒരു കാര്യവും ആരും ചെയ്യരുതെന്നും അഭ്യര്‍ഥിച്ചു.