ന്യൂഡല്‍ഹി: കൊവിഡിന്റെ പേരില്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്ത സുപ്രീം കോടതി. സാമ്പത്തിക താത്പര്യമുള്ള കാര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുകയും മതപരമായ വിഷയങ്ങള്‍ വരുമ്പോള്‍ കൊവിഡ് ഭീഷണി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നത് അസാധാരണമാണെന്നും കോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്രയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ ആരാധന നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. സാമ്പത്തിക താത്പര്യമുള്ള കാര്യങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നു. ഇക്കാര്യത്തില്‍ എന്തു റിസ്കും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് നിലപാട്. എന്നാല്‍, മതകാര്യമാണെങ്കില്‍ കോവിഡ് നിയന്ത്രണമുണ്ട് എന്നു പറഞ്ഞ് അനുമതി നിഷേധിക്കുന്നു- സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് ചീഫ് ജസ്റ്റീസ്, ജസ്റ്റീസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രാര്‍ഥന നടത്താന്‍ ജൈന ക്ഷേത്രങ്ങള്‍ക്ക് അനുമതി നല്കിയ സുപ്രീംകോടതി, ഈ ഉത്തരവ് ഗണേഷ ചതുര്‍ഥി ആഘോഷങ്ങള്‍ക്കോ അതുപോലെയുള്ള മതസമ്മേളനങ്ങള്ക്കോ ബാധകമല്ലെന്നും അറിയിച്ചു.



