തൃശൂര്‍: കോവിഡ് ചികിത്സയിലെ ആയുര്‍വേദ സാധ്യതകളെ കൂടെപ്പിടിച്ച് ആരോഗ്യ വകുപ്പ്. കോവിഡ് പ്രതിരോധ പദ്ധതികളില്‍ ആയുര്‍വേദം ഫലപ്രദമാണെന്ന് ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചിരുന്നു.
സംസ്ഥാന ആയുര്‍വേദ കോവിഡ് 19 റെസ്പോണ്‍സ് സെല്ലിെന്റ നേതൃത്വത്തില്‍ പൊതുസമൂഹത്തിന് മുന്നില്‍ പരസ്യപ്പെടുത്താതിരുന്ന പഠനഫലമാണ് നിയമസഭയില്‍ കെ.കെ. രമയുടെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി വീണ ജോര്‍ജ് വെളിപ്പെടുത്തിയത്. മാത്രമല്ല ആയുര്വേദത്തിെന്റ അടിസ്ഥാന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രാന്‍സ് ഡിസിപ്ലിനറി ഹബ് രൂപവത്കരിക്കുമെന്ന പ്രഖ്യാപനവും അതിെന്റ തുടര്‍നടപടികളും ആരോഗ്യവകുപ്പില്‍ സജീവമാവുകയും ചെയ്തു.
പഠനങ്ങള്‍ അന്താരാഷ്ട്ര ജേണലുകളിലേക്ക് അയച്ചിട്ടുണ്ടെന്നും അതിനാലാണ് പഠന വിവരങ്ങള്‍ പ്രസിദ്ധീകരിക്കാത്തതെന്നും മന്ത്രി നിയമസഭ മറുപടിയില്‍ നല്‍കിയിരുന്നു. അതേസമയം, സംസ്ഥാന കോവിഡ് കര്‍മസേനയില്‍ ആയുര്‍വേദ വിദഗ്ധരെ ഉള്‍പ്പെടുത്തുന്നത് പരിഗണനയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ആധുനിക മരുന്ന് ചികിത്സക്കാരുടെ (മോഡേണ്‍ മെഡിസിന്) പിടിയിലാണെന്ന ഇതര ചികിത്സ വിഭാഗങ്ങളുടെ ആരോപണം ഈയടുത്ത കാലം വരെ ശക്തമായിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിെന്റ വെളിപ്പെടുത്തല്‍ ആയുര്‍വേദം ശാസ്ത്രമല്ലെന്ന പ്രചാരണം ഉയര്‍ത്തുന്ന ഒരുവിഭാഗത്തിെന്റ വായടപ്പിച്ചെന്ന മറുവാദമുയര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്.
കോവിഡ് നിരീക്ഷണത്തിലിരിക്കുന്നവരുടെ പ്രതിരോധ പദ്ധതിയായ അമൃതം, ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ്രോഗികളുടെ ആയുര്‍വേദ ചികിത്സ പദ്ധതി ഭേഷജം, കോവിഡാനന്തര ചികിത്സ പദ്ധതി ‘പുനര്‍ജനി’ എന്നിവയെ കേന്ദ്രീകരിച്ച പഠനമാണ് 2020 മേയ് മുതല്‍ നടന്നത്. ഇതില്‍ അമൃതം പഠന റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ കോവിഡ് ചികിത്സക്ക് നേരത്തേ ആയുര്‍വേദ വിഭാഗത്തിന് അനുമതി നല്‍കിയത്.
തുടര്‍ന്ന് ഫണ്ടും ലഭ്യമാക്കി. ഇതിനിടെ ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികളിലെ ആയുര്‍വേദ ചികിത്സ പദ്ധതിയായ ‘ഭേഷജ’ത്തിെന്റ രണ്ടാംഘട്ട പഠന സര്‍വേ തുടങ്ങി. 21 ദിവസം നിരീക്ഷിച്ച് രോഗികളിലെ മാറ്റം വിലയിരുത്തുന്ന പഠനപ്രവര്ത്തനത്തിെന്റ ആദ്യഘട്ടമാണ് തുടങ്ങിയത്.
റെസ്പോണ്‍സ് സെല്‍ പഠനഫലം
അമൃതം: ആയുര്‍വേദ ചികിത്സ തുടര്‍ന്ന കോവിഡ് നിരീക്ഷണത്തിലായ 1,01,216 പേരില്‍ 0.34 ശതമാനം പേര് മാത്രമാണ് കോവിഡ് പോസിറ്റിവായത്. മരുന്ന് ഉപയോഗിക്കാത്തവരില്‍ 1.67 ശതമാനം പോസിറ്റിവായി. ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ചിട്ടും കോവിഡ് പോസിറ്റിവായ 577 പേരില്‍ ലക്ഷണങ്ങളുടെ തീവ്രത കുറവായിരുന്നു. 2020 മേയ് 21 മുതല്‍ ജൂൈല നാലുവരെയായിരുന്നു പഠനം.
ഭേഷജം: 2020 ഡിസംബര്‍ ഒന്നുമുതല്‍ 2021 ജനുവരി 15 വരെ ഗുരുതരവസ്ഥയിലല്ലാത്ത 9855 കോവിഡ്രോഗികളില് നടത്തിയ പഠനത്തില്‍ 95.87 ശതമാനത്തിനും സങ്കീര്‍ണതകളില്ലാതെ കോവിഡ് സുഖപ്പെട്ടു. ഔഷധജന്യമായ ആരോഗ്യപ്രശ്നങ്ങള്‍ പഠനത്തില്‍ കണ്ടെത്തിയില്ല. 0.44 ശതമാനം ആളുകളെ മാത്രമേ അവസ്ഥ മോശമായി മറ്റ് ചികിത്സശാഖകളിലേക്ക് മാറ്റിയുള്ളൂ.
പുനര്‍ജനി: 4871 പോസ്റ്റ് കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ 99.1 ശതമാനം പേരെ കേവിഡാനന്തര പ്രശ്നങ്ങള്‍ ബാധിച്ചില്ല.



