ഹൈദരാബാദ്: ആന്ധ്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിനം പതിനായിരത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതുതായി 10,328 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 72 പേര്‍ക്ക് മരണം സംഭവിച്ചതായും ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്ന് സംസ്ഥാനത്തിന് ആശ്വാസം നല്‍കുന്നുണ്ട്. പുതുതായി 8516പേരാണ് രോഗമുക്തി നേടിയത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 1,96,789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതുവരെ 1,12,870 പേര്‍ക്കാണ് രോഗമുക്തി ഉണ്ടായത്.82,166 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു.1753 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനത്തിന് ശമനമില്ലാത്ത തമിഴ്‌നാട്ടിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 5,684പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ വൈറസ് ബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് നേരിയ ആശ്വാസമായി. 6272 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഈ സമയത്ത് 110 പേര്‍ക്ക് മരണം സംഭവിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,79,144 ആയി ഉയര്‍ന്നു. ഇതില്‍ 2,21,087 പേരും രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ 53,486 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4571 പേര്‍ രോഗം ബാധിച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.



