ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മികച്ച രീതിയിൽ തുടങ്ങിയ ഇന്ത്യ പിന്നീട് തകർന്നടിയുന്നതാണ് കണ്ടത്. ആദ്യ വിക്കറ്റിൽ ലോകേഷ് രാഹുൽ-രോഹിത് ശർമ്മ സഖ്യം 97 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയെങ്കിലും പിന്നീട് ചേതേശ്വർ പൂജാര (4), വിരാട് കോലി (0), അജിങ്ക്യ രഹാനെ (5) എന്നിവർ വേഗം പുറത്താവുകയായിരുന്നു. വെളിച്ചക്കുറവിനെ തുടർന്ന് കളി താത്കാലികമായി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്ന നിലയിലാണ്.

36 റൺസെടുത്ത് രോഹിത് പുറത്തായതോടെ ഇന്ത്യ കൂട്ടത്തകർച്ചയിലേക്ക് വീണു. 41ആമത്തെ ഓവറിൽ പൂജാരെയും കോലിയെയും അടുത്തടുത്ത പന്തുകളിൽ മടക്കി അയച്ച ജെയിംസ് ആൻഡേഴ്സൺ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. പൂജാരയെയും കോലിയെയും വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ പിടികൂടുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെയാണ് കോലി മടങ്ങിയത്. അഞ്ചാം നമ്പറിലെത്തിയ രഹാനെയും വേഗം മടങ്ങി. താരം റണ്ണൗട്ടാവുകയായിരുന്നു. തുടർന്നെത്തിയ ഋഷഭ് പന്ത് (7) ലോകേഷ് രാഹുലിനൊപ്പം (57) ക്രീസിൽ തുടരുകയാണ്.

ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിലായിരുന്നു. ആദ്യ വിക്കറ്റിൽ 97 റൺസ് കൂട്ടുകെട്ട് ഉയർത്തിയതോടെ ഏഷ്യക്ക് വെളിയിൽ 14 വർഷത്തിനിടെ ഇന്ത്യ കുറിച്ച ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇത്. 2007ലെ ട്രെൻ്റ് ബ്രിഡ്ജ് ടെസ്റ്റിൽ ദിനേഷ് കാർത്തികും വസീം ജാഫറും ചേർന്ന് നേടിയ 147 റൺസാണ് 14 വർഷം മുൻപ് ഇന്ത്യ കുറിച്ചത്.

സ്ഥിരം ഓപ്പണറായ ശുഭ്മൻ ഗില്ലും ബാക്കപ്പ് ഓപ്പണറായ മായങ്ക് അഗർവാളും പുറത്തായതുകൊണ്ട് മാത്രം ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ലോകേഷ് രാഹുൽ രോഹിതിനൊപ്പം മികച്ച രീതിയിലാണ് ബാറ്റേന്തിയത്. ഇംഗ്ലീഷ് ബൗളർമാരുടെ തന്ത്രങ്ങളെ സമർത്ഥമായി പ്രതിരോധിച്ച സഖ്യം ആദ്യ ഘട്ടത്തിൽ മികച്ച അടിത്തറയുണ്ടാക്കി. അവസാന മണിക്കൂറിൽ പ്രതിരോധത്തിനൊപ്പം ആക്രമണവും കൂട്ടിച്ചേർത്ത ഇന്ത്യൻ ഓപ്പണർമാർ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ജോ റൂട്ടിന് ഒരു വിക്കറ്റ് കണ്ടെത്താനായില്ല. ഒടുവിൽ, 38ആം ഓവറിൽ ഒലി റോബിൻസണിൻ്റെ ഷോർട്ട് ബോൾ ഹുക്ക് ചെയ്യാൻ ശ്രമിച്ച രോഹിത് സാം കറന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങിയതോടെ ഉച്ചഭക്ഷണത്തിനു പിരിയാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.