ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചന നൽകി ശശി തരൂർ. മാതൃഭൂമി ഡോട്ട് കോം ഇംഗ്ലീഷ് എഡിഷനിൽ അദ്ദേഹം എഴുതുന്ന കോളത്തിലാണ് എഐസിസി അധ്യക്ഷ പദത്തിലേക്ക് മത്സരത്തിന്റെ സൂചന അദ്ദേഹം നൽകുന്നത്.
ബിജെപിയെ വെല്ലുവിളിക്കാൻ പര്യാപ്തമായ കോൺഗ്രസിനെയാണ് ഞങ്ങൾക്ക് ആവശ്യം എന്ന തലക്കെട്ടിലാണ് കഴിഞ്ഞദിവസം മാതൃഭൂമി ഡോട്ട് കോമിന്റെ ഇംഗ്ലീഷ് എഡിഷനിൽ ശശി തരൂർ ലേഖനം എഴുതിയത്. ഗുലാം നബി ആസാദ് അടക്കമുള്ളവർ പാർട്ടി വിട്ടതിനെക്കുറിച്ചും അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. പ്രധാന ദേശീയ മാധ്യമങ്ങളും പിടിഐ അടക്കമുള്ള വാർത്ത ഏജൻസികളും അടിസ്ഥാനമാക്കി തരൂർ മത്സരിച്ചേക്കുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തു
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടപടികൾ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാർഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്കുംപാർട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒട്ടേറെ സ്ഥാനാർഥികൾ മത്സരരംഗത്തേക്ക് മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും പാർട്ടിക്കും രാജ്യത്തിനും വേണ്ടി അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നത് പൊതുജനതാത്പര്യത്തെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.
ഞായറാഴ്ചയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇതിനു പിറ്റേദിവസമാണ് ജി-23 നേതാക്കളിലൊരാളായ ശശി തരൂർ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ ആവശ്യകതയെക്കുറിച്ച് തന്റെ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.



