കോടതിയലക്ഷ്യ കേസിൽ മദ്യ രാജാവ്, വിജയ് മല്ല്യയെ 4 മാസം തടവിന് ശിക്ഷിച്ച് സുപ്രീംകോടതി. കോടതിയിൽ ഹ‍ാജരാകാത്ത വിജയം മല്ല്യയുടെ നിലപാടിൽ അമർഷം രേഖപ്പെടുത്തിയ കോടതി, 2,000 രൂപ പിഴയൊടുക്കാനും നിർദേശിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ 2 മാസത്തെ തടവ് കൂടി മല്ല്യ അനുവഭിക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017ലെ കോടതിയലക്ഷ്യ കേസിൽ വിജയ് മല്ല്യ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കോടതി ഉത്തരവ് ലംഘിച്ച് 2017ല്‍ മകൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയെന്ന കേസിലാണ് വിജയ് മല്ല്യയെ ശിക്ഷിച്ചത്. ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്ല്യയുടെ അഭാവത്തിലാണ് കേസില്‍ വിചാരണ പൂർത്തിയാക്കിയത്.

ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ്.നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. 9,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതാണ് മല്ല്യക്കെതിരായ കേസ്.

എസ്ബിഐ ഉൾപ്പെടെ 13 ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ 2016 മാ‍ർച്ച് 2 നാണ് രാജ്യസഭാ അംഗം കൂടിയായിരുന്ന വിജയ് മല്ല്യ ലണ്ടനിലേക്ക് രക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം യുകെയിലെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു.

ഇതിനുപിന്നാലെ,വിജയ് മല്ല്യയുടെ ഫ്രാന്‍സിലെ കോടികൾ വിലമതിക്കുന്ന ആസ്‍തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 14 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടെത്തിയത്. ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സ് സർക്കാർ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു.