ജോൺ എഫ്. കെന്നഡി സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്സിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാൻ ഉത്തരവിട്ട ഫെഡറൽ ജഡ്ജിക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ചരിത്രത്തിൽ തന്നെ തന്നേക്കാൾ മോശമായും അനീതിയായും കോടതികൾ പെരുമാറിയ മറ്റൊരു പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച നീണ്ട പോസ്റ്റിലൂടെയാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ക്രിസ്റ്റഫർ കൂപ്പറെ ട്രംപ് രൂക്ഷമായി വിമർശിച്ചത്. കോൺഗ്രസിന്റെ (യുഎസ് പാർലമെന്റ്) ഔദ്യോഗികമായ അനുമതിയില്ലാതെ കെന്നഡി സെന്ററിന്റെ പേര് മാറ്റാൻ കഴിയില്ലെന്നും, വലിയ തോതിലുള്ള നവീകരണ പ്രവർത്തനങ്ങൾക്കായി ഈ സ്ഥാപനം താൽക്കാലികമായി അടച്ചിടാനുള്ള പദ്ധതികൾ തടയണമെന്നും ജഡ്ജി കൂപ്പർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ട്രംപിന്റെ പ്രതികരണം.