ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നിഷേധിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം. അനുമതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും സമര്‍പ്പിച്ച അപേക്ഷകളില്‍ വിദഗ്ധ സമിതി കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. എന്നാല്‍, അമേരിക്കന്‍ കമ്ബനിയായ ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. ദീര്‍ഘസമയമെടുത്തു നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഭാരത് ബയോടെക്കും സിറം ഇന്‍സ്റ്റിററ്യൂട്ടും സമര്‍പ്പിച്ച അപേക്ഷകളില്‍ വിദഗ്ധ സമിതി കൂടുതല്‍ വിവരങ്ങള്‍ തേടിയത്. വാക്‌സിന്റെ സുരക്ഷ, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച്‌ കൃത്യമായ വിശദീകരണം നല്‍കാന്‍ കമ്ബനികള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയ ഭാരത് ബയോടെക്ക് മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച്‌ വിശദീകരിക്കാന്‍ കൂടുതല്‍ സമയം തേടി. വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാനും വിശദാംശങ്ങള്‍ രേഖാമൂലം നല്‍കാനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് വിദഗ്ധ സമിതി ആവശ്യപ്പട്ടു. വാക്‌സിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ അമേരിക്കയില്‍ നിന്നുള്ള വിദഗ്ധര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതിനാലാണ് ഫൈസറിന്റെ അപേക്ഷ ഇന്ന് പരിഗണിക്കാതിരുന്നത്.