കൊവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ ഉത്തരവ്. കൊവിഡ് ബാധിതർക്കും കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ടവക്കും സാവകാശം അനുവദിച്ചു. ഇതര സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും അകപ്പെട്ടർക്കും അപേക്ഷ നൽകിയാൽ സാവകാശം അനുവദിക്കപ്പെടും.
പുതിയ മാനദണ്ഡപ്രകാരം നിയമന ഉത്തരവ് ലഭിച്ച സംസ്ഥാനത്തിന് അകത്തുള്ളവർ 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണം. ഉദ്യോഗാർത്ഥി കൊവിഡ് ബാധിതനെങ്കിൽ രോഗം ഭേദമായ ശേഷം നിരീക്ഷണ കാലയളവും പൂർത്തിയാക്കി 10 ദിവസത്തിനകം ജോലിയിൽ പ്രവേശിച്ചാൽ മതി. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർ പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവായ ശേഷം 10 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം. ക്വറന്റീനിൽ കഴിയുന്നവർക്ക് നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിച്ചാൽ മതി. ഇതര സംസ്ഥാനത്ത് അകപ്പെട്ടവർ അപേക്ഷ നൽകിയാൽ അടിയന്തരമായി സംസ്ഥാനത്ത് എത്തിച്ചേരാനും ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാനുമാണ് ഉത്തരവ്. വിദേശത്ത് അകപ്പെട്ടുപോയ ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകിയാൽ ബന്ധപ്പെട്ട രാജ്യത്തു നിന്ന് രാജ്യാന്തര വിമാന സർവീസ് പുനരാരംഭിച്ച് നാട്ടിൽ മടങ്ങിയെത്തി ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കും.