കൊവിഡ് 19 രോഗം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള സിവില്‍സ്റ്റേഷന്‍ കെട്ടിടത്തിലെ ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. എല്ലാ ഓഫീസുകളിലും പകുതി ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതി. ഇക്കാര്യം അതത് ഓഫീസ് മേധാവികള്‍ ക്രമീകരിക്കും. തിരിച്ചറിയല്‍കാര്‍ഡ് കാണിച്ചുമാത്രമേ അകത്തേയ്ക്കുള്ള പ്രവേശനം അനുവദിക്കൂ.

ഏറ്റവും അത്യാവശ്യമായ കാര്യങ്ങള്‍ക്കു മാത്രമായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തും. പൊതുജനങ്ങള്‍ ഓഫീസില്‍ നേരിട്ടു വരാതെ ഇമെയില്‍ (tsrcoll.ker@nic.in), വാട്ട്‌സ്‌ആപ്പ് (നമ്ബര്‍ – 9400044644), ടെലിഫോണ്‍ (0487-2360130) എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
സിവില്‍സ്റ്റേഷനില്‍ വരുന്ന പൊതുജനങ്ങള്‍ തിരിച്ചറിയല്‍രേഖ ഹാജരാക്കേണ്ടതാണ്. എല്ലാവരുടേയും പേരും മറ്റു വിവരങ്ങളും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തും. എല്ലാവര്‍ക്കുമായി തെര്‍മല്‍സ്‌ക്രീനിംഗ് സംവിധാനം താഴത്തെ നിലയിലെ പ്രവേശനകവാടത്തില്‍ ഏര്‍പ്പെടുത്തും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള ചുമതല റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കു നല്‍കിയിട്ടുണ്ട്. സിവില്‍സ്റ്റേഷനില്‍ വരുന്ന സ്വകാര്യവാഹനങ്ങള്‍ പുറത്തേയ്ക്കുള്ള ഗേറ്റിനു സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്തു നിര്‍ത്തിയിടേണ്ടതാണ്.