കൊല്ലത്ത് 24 ന്യൂസ് വാർത്താ ചാനൽ വാർത്താ സംഘത്തെ സമൂഹവിരുദ്ധർ ആക്രമിച്ചു. റിപ്പോർട്ടർ സലീം മാലിക്ക്, ഡ്രൈവർ ശ്രീകാന്ത് എന്നിവരാണ്‌ ആക്രമണത്തിനിരയായത്‌. ബീച്ച്‌ റോഡിലെ കൊച്ചുപിലാംമൂട്ടിൽ ബുധൻ വൈകിട്ട്‌ മൂന്നാടെയാണ്‌ സംഭവം.

അക്രമി സംഘം കാറിനും കേടുപാടുവരുത്തി. എട്ട് അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന്‌ ആക്രമണത്തിനിരയായവർ പൊലീസിന്‌ മൊഴിനൽകി. ആക്രമണ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽനിന്ന്‌ പൊലീസിന്‌ ലഭിച്ചു.

റിപ്പോർട്ടർ ഓണത്തിരക്ക്‌ വാർത്ത ശേഖരിച്ച്‌ തിരികെ ഓഫീസിലേക്ക്‌ പോകുന്നതിനിടെയാണ്‌ ആക്രമണം. റോഡിൽ അലക്ഷ്യമായി പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനം മാറ്റുന്നതിനായി ഹോൺ മുഴക്കിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്‌. മർദ്ദനമേറ്റ ഇരുവരെയും കൊല്ലം ജില്ലാ ആശുപത്രിയലും തുടർന്ന്‌ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അക്രമി സംഘത്തിലുണ്ടായിരുന്നവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടണമെന്നും നിയമ നടപടി സ്വകീരിക്കണമെന്നും ആവശ്യപ്പെട്ട്‌ കേരള പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി സിറ്റി പൊലീസ്‌ കമ്മീഷണർക്ക്‌ പരാതിനൽകി.