ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച്‌ കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കൊറോണ രോഗികള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേരളം, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും, ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,164 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 31,445 കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ പ്രതിദിന കേസുകളുടെ 68 ശതമാനവും കേരളത്തിലാണ്. 215 മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചു.

പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കേരളത്തിന് പിന്നിലുള്ള മഹാരാഷ്‌ട്രയില്‍ 5031 പുതിയ കേസുകളും 216 മരണവും സ്ഥിരീകരിച്ചു. കേരളത്തിലും മഹാരാഷ്‌ട്രയിലും ജാഗ്രത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ നടത്താനാണ് കേന്ദ്രത്തിന്റെ നീക്കം