കോവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍നിന്നു പുറത്തുവന്നതാണെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ്. മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് അതിവേഗം പടരാന്‍ ശേഷിയുള്ള വൈറസാണിത്. വവ്വാലില്‍നിന്നാണ് ഈ വൈറസ് മനുഷ്യനിലെത്തിയതെന്ന് വിശ്വസിക്കാനാകില്ലെന്ന് ടിവി അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇതു തന്റെ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ, ഞാനൊരു വൈറോളജിസ്റ്റാണ്. ജീവിതകാലം മുഴുവന്‍ വൈറസുകളെക്കുറിച്ച് പഠിക്കാനാണ് ചെലവഴിച്ചത്. ചൈനയിലെ വുഹാനില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് വൈറസ് പടരാന്‍ തുടങ്ങിയതെന്ന് ഞാന്‍ അനുമാനിക്കുന്നു. മറ്റുള്ളവര്‍ ഇതു വിശ്വസിക്കാന്‍ കൂട്ടാക്കിയേക്കില്ല. പക്ഷേ, സത്യമെന്താണെന്ന് ശാസ്ത്രം തെളിയിക്കും – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വുഹാന്‍ നഗരത്തിലെ വൈറോളജി ലാബില്‍നിന്നാണ് വൈറസ് പുറത്തുകടന്നതെന്ന വാദം നേരത്തേ തന്നെയുണ്ട്. വുഹാനില്‍ പോയി പഠനം നടത്തിയ ലോകാരോഗ്യ സംഘടനാ ടീം വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.



