ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഒരാഴ്‌ച്ചയിലെ കൊറോണ കേസുകളില്‍ പകുതിയിലധികവും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനം അതീവ ജാഗ്രത തുടരണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരാഴ്‌ച്ചത്തെ കണക്കുകളില്‍ 69 ശതമാനം രോഗകളും കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സജീവ കേസുകള്‍ ഒരുലക്ഷത്തിലേറെയുള്ള ഏക സംസ്ഥാനം കേരളമാണ്. അതില്‍ ആകെ കേസുകളില്‍ 59 ശതമാനവും കേരളത്തിലാണ്. മഹാരാഷ്‌ട്ര(14.02%) കര്‍ണാടക(14.2%), തമിഴ്‌നാട്(4.27%) ആന്ധ്രാപ്രദേശ്(3.17%) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ സജീവ കേസുകളുടെ കണക്കുകള്‍. രാജ്യത്ത് 54% പേര്‍ ഒരു ഡോസും 16% പേര്‍ 2 ഡോസും വാക്‌സീന്‍ സ്വീകരിച്ചതായും കേന്ദ്രം അറിയിച്ചു.

10 ശതമാനത്തിനു മേല്‍ പോസിറ്റിവിറ്റിയുള്ള 39 ജില്ലകളുണ്ട്. ഇതിലേറെയും കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തില്‍ ഇന്നലെ 32,097 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 188 മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ടിപിആര്‍ 18ന് മുകളിലാണ്.