കൊച്ചി: കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്ന് താഴേക്ക് ചാടിയ വീട്ടുജോലിക്കാരി മരിച്ചു. ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സേലം സ്വദേശി കുമാരി ആണ് മരിച്ചത്. സംഭവത്തില്‍ ഫ്ലാറ്റുടമകള്‍ക്ക് നേരെ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരി കൊച്ചി മറൈന്‍ഡ്രൈവിലുള്ള ഫ്ലാറ്റില്‍ നിന്ന് താഴേക്ക് ചാടിയത്.
സംഭവത്തില്‍ ഫ്ളാറ്റുടമകക്കെതിരെ കുമാരിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. അഭിഭാഷകനായ ഇംത്യാസ് അഹമ്മദിനെ വീട്ടിലായിരുന്നു കുമാരി ജോലിചെയ്തിരുന്നത്. ഇയാളില്‍ നിന്നും പതിനായിരം രൂപ കുമാരി കടം വാങ്ങിയിരുന്നുവെന്നും അടിയന്തരാവശ്യം വന്നപ്പോള്‍ നാട്ടില്‍ പോകാന്‍ അനുവാദം ചോദിച്ച കുമാരിയെ പണം തിരികെ നല്‍കാതെ പോകാന്‍ ഫ്ലാറ്റുടമകള്‍ അനുവദിക്കാതെ മുറിയില്‍ പൂട്ടിയിട്ടെന്നും ഭര്‍ത്താവ് പറയുന്നു. എന്നാല്‍ താന്‍ കുമാരിയെ തടങ്കലിലാക്കിയില്ലെന്നാണ് ഫ്ലാറ്റ് ഉടമ പോലീസിന് മൊഴി നല്‍കിയത്. ഈ സാഹചര്യത്തില്‍ ഫ്ലാറ്റ് ഉടമയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഫ്ലാറ്റുടമകള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.