ഹ്യൂസ്റ്റണ്‍: യുഎസിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്ന കെ.സി. വര്‍ഗീസ് (കെ.സി. ചിറ്റാര്‍) ഹ്യൂസ്റ്റനില്‍ നിര്യാതനായി. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം. അനാരോഗ്യത്തെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി പൊതുരംഗത്ത് സജീവമായിരുന്നില്ല.

ജൂലൈ 9 നു വൈകുന്നേരം നാലുമുതല്‍ ഒന്‍പതുവരെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനവും തിങ്കളാഴ്ച 8 മുതല്‍ 11 വരെ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.

പത്തനംതിട്ട ചിറ്റാര്‍ കുളത്തുങ്കല്‍ വര്‍ഗീസ് ചാണ്ടി – അന്നമ്മ ദമ്പതികളുടെ ഇളയ മകനാണ് കെ സി വര്‍ഗീസ്. റേച്ചല്‍ വര്‍ഗീസ് ആണ് ഭാര്യ. മക്കള്‍ ടെറല്‍ വര്‍ഗീസ്, ജസ്റ്റിന്‍ വര്‍ഗീസ്. മരുമകള്‍ രജനി വര്‍ഗീസ്. കൊച്ചുമക്കള്‍ ജോയല്‍, ഡാനിയേല്‍, എസ്സായ.

1990കളില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ വളരെ പ്രചാരം നേടിയ ‘കേരള വീക്ഷണം’ എന്ന വാര്‍ത്താ വാരികയുടെ പ്രസാധകനും ചീഫ് എഡിറ്ററുമായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍, കേരളാ റൈറ്റേഴ്സ് ഫോറം എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തനുമായിരുന്നു.

അനുസ്മരണം

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയെയാണ് മലയാളി സമൂഹത്തിനു നഷ്ടപ്പെട്ടത് എന്ന് മാഗ് പ്രസിഡണ്ട് അനില്‍ ആറന്മുള അനുസ്മരിച്ചു.

പരസ്യക്കാരുടെ പകിട്ടില്‍ മയങ്ങാതെ സത്യസന്ധമായി പത്രപ്രവര്‍ത്തനം നടത്തിയ കെ.സി ചിറ്റാര്‍ എന്നെന്നും അമേരിക്കന്‍ മലയാളി പത്രപ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശിയായിരുന്നതായി റൈറ്റേഴ്സ് ഫോറം സ്ഥാപക പ്രസിഡണ്ട് മാത്യു നെല്ലിക്കുന്ന് പറഞ്ഞു.

എണ്‍പതുകളില്‍ ഹൂസ്റ്റണിലെ ആദ്യ സാഹിത്യ കൂട്ടായ്മയായ ‘കാഫി ക്ലാഷ്’ എന്ന സംഘടനമുതല്‍ സാഹിത്യരംഗത്തു നിറഞ്ഞ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച കെ സിയുടെ മരണം കുടിയേറ്റ മലയാളി സമൂഹത്തിന് വലിയ നഷ്ടമാണ് എന്ന് റൈറ്റേഴ്സ് ഫോറം മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ ജോണ്‍ മാത്യു അനുസ്മരിച്ചു.