ന്യൂഡൽഹി: കേരളത്തിൽ രാഹുൽ ഗാന്ധി നടത്തുന്നത് പൊളിറ്റിക്കൽ ടൂറിസമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. അമേഠിയിൽ പരാജയപ്പെട്ടതിനാലാണ് രാഹുൽ വയനാട്ടിലേക്ക് ഓടിവന്നത്. സംസ്ഥാനങ്ങൾ വ്യത്യാസപ്പെട്ടതുകൊണ്ട് മാത്രം ഒരാളുടെ സ്വഭാവം മാറില്ല. ഒരാളുടെ പെരുമാറ്റത്തിലും ഉദ്ദേശത്തിലും സമർപ്പണബോധത്തിലും സേവിക്കാനുള്ള മനോഭാവത്തിലും സംസ്ഥാനങ്ങൾ ഓടി നടന്നാൽ വ്യത്യാസമുണ്ടാകില്ലെന്നും ജെ.പി നദ്ദ പരിഹസിച്ചു.
കോഴിക്കോട് നിർമാണം പൂർത്തീകരിച്ച ബിജെപിയുടെ ജില്ലാ ഓഫീസ് കെട്ടിടം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ. കേരളത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വളരെയധികം വേദന തോന്നുന്നുണ്ട്. പ്രധാനമന്ത്രിയുടെ എല്ലാ പിന്തുണയും ലഭിച്ചിട്ടും കേരളത്തിന്റെ വികസനം തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 3-4 പതിറ്റാണ്ടുകളായി കേരളത്തിൽ നിലനിൽക്കുന്ന രാഷ്‌ട്രീയ സംസ്‌കാരം ദയനീയമാണെന്നും ജെ.പി നദ്ദ പറഞ്ഞു.
ഓഗസ്റ്റ് 16 മുതൽ 18 വരെയാണ് കേരളത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു നദ്ദയുടെ വിമർശനം.



