തദ്ദേശേതെരഞ്ഞെടുപ്പിനെ നേരിടുന്ന കേരളത്തില്‍ പാര്‍ട്ടിക്ക് പാളിച്ചയുണ്ടായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. തിരുത്തലുകള്‍ അനിവാര്യമാണെന്നും എന്നാല്‍ നേതൃമാറ്റമുണ്ടാകില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.വെല്‍ഫെയര്‍ പാര്‍ട്ടി പ്രശ്നം ചര്‍ച്ചയാക്കി നിര്‍ത്തിയത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഹൈക്കമാന്‍റ് വിലയിരുത്തുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് തിരിച്ചടിയല്ലെന്നാണ് സംസ്ഥാനനേതാക്കളുടെ പ്രതികരണമെങ്കിലും തിരഞ്ഞെടുപ്പില്‍ പക്ഷെ വീഴ്ചയുണ്ടായെന്ന് സമ്മതിക്കുകയാണ് ഹൈക്കമാന്‍റ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം പാളിച്ചയുണ്ടായി. ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ യുഡിഎഫ് അപ്രസക്തമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം അംഗീകരിക്കാനാകില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
കേരള കോണ്‍​ഗ്രസ് ജോസ് വിഭാ​ഗം മുന്നണി വിട്ടു പോയതടക്കമുള്ള വിഷയങ്ങള്‍ ച‍ര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും വെല്‍ഫെയ‍ര്‍ പാര്‍ട്ടിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാവേണ്ടതില്ലെന്നും പറഞ്ഞ വേണു​ഗോപാല്‍ നിലവിലെ പ്രതിസന്ധിക്ക് നേതൃമാറ്റമല്ല പരിഹാരമെന്നും അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് പാഠമാണെന്നും ആത്മപരിശോധന നടത്തി മുന്നോട്ട് പോകുമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.