തിരുവനന്തപുരം: കേരളത്തിലെ 10 ടീച്ചര്‍ ട്രെയിനിങ് കോളജുകളിലെ ബി.എഡ് കോഴ്സുകള്‍ക്കുള്ള അംഗീകാരം നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ (എന്‍.സി.ടി.ഇ) പിന്‍വലിച്ചു. ഇതില്‍ രണ്ട് കോളജുകളിലെ എം.എഡ് കോഴ്സുകള്‍ക്കുള്ള അംഗീകാരവും നഷ്ടമായി. ഇതിനു പുറമെ ഒമ്ബത് കോളജുകളിലെ കോഴ്സിന് അംഗീകാരം പിന്വലിക്കുന്നതിെന്റ മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും എന്‍.സി.ടി.ഇ ദക്ഷിണ മേഖല കമ്മിറ്റി യോഗം തീരുമാനിച്ചു.
എന്‍.സി.ടി.ഇ നിശ്ചയിച്ച സൗകര്യങ്ങളും അധ്യാപകരുമില്ലാത്തതുള്പ്പെടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോളജുകള്‍ക്കെതിരായ നടപടി. അടിമാലി എസ്.എന്‍.ഡി.പി യോഗം ട്രെയിനിങ് കോളജ്, കൊല്ലം കര്‍മലറാണി എന്നീ ട്രെയിനിങ് കോളജുകളില്‍ ബി.എഡ്, എം.എഡ് കോഴ്സുകള്‍ക്കുള്ള അംഗീകാരമാണ് പിന്‍വലിച്ചത്.
തിരുവനന്തപുരം മേനംകുളം സെന്റ് ജേക്കബ്സ് ട്രെയിനിങ് കോളജ്, അരീക്കോട് സുല്ലമുസ്സലാം, കോഴിക്കോട് മലാപ്പറമ്ബ് പ്രൊവിഡന്‍സ് കോളജ് ഒാഫ് ടീച്ചര്‍ എജുക്കേഷന്‍ ഫോര്‍ വിമന്‍, ആലത്തൂര്‍ ബി.എസ്.എസ് ബി.എഡ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം കോട്ടുകാല്‍ മരുതൂര്‍കോണം പട്ടംതാണുപിള്ള മൊമ്മോറിയല്‍ കോളജ് ഒാഫ് ടീച്ചര്‍ എജുക്കേഷന്‍, പെരിങ്ങമ്മല ഇക്ബാല്‍ ട്രെയിനിങ് കോളജ്, മലപ്പുറം വാഴക്കാട് ദാറുല്‍ ഉലൂം ട്രെയിനിങ് കോളജ്, തലശ്ശേരി പെരിങ്ങത്തൂര്‍ എം.ഇ.സി.എഫ് കോളജ് ഒാഫ് ടീച്ചര്‍ എജുക്കേഷന്‍ എന്നിവിടങ്ങളില്‍ ബി.എഡ് കോഴ്സുകള്‍ക്കുള്ള അംഗീകാരമാണ് പിന്‍വലിച്ചത്. ഇതോടെ ഇൗ കോളജുകളില്‍ 2020-21 വര്‍ഷത്തില്‍ വിദ്യാര്‍ഥി പ്രവേശനം നടത്താനാകില്ല.
ആലപ്പുഴ മുതുകുളം നോര്‍ത്ത് ബുദ്ധ കോളജ്, അരീക്കോട് മജ്മഅ്, മേപ്പയ്യൂര്‍ സലഫി, പെരിയ ഡോ. അംബേദ്കര്‍ കോളജ്, ചേലേമ്ബ്ര ദേവകിയമ്മ, പുല്‍പ്പള്ളി സി.കെ. രാഘവന് മെമ്മോറിയല്‍, പെരുമ്ബിലാവ് അന്‍സാര്‍, മൂത്തകുന്നം എസ്.എന്‍.എം, ബാലുശ്ശേരി കെ.ഇ.ടി എന്നീ ട്രെയിനിങ് കോളജുകളിലെ ബി.എഡ് കോഴ്സുകളുടെ അംഗീകാരം പിന്വലിക്കുന്നതിെന്റ മുന്നോടിയായാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് തീരുമാനിച്ചത്. 21 ദിവസത്തിനകം പോരായ്മകള്‍ പരിഹരിച്ച രേഖകള്‍ സഹിതം നോട്ടീസിന് മറുപടി നല്‍കാനാണ് നിര്‍ദേശം.
തിരുവല്ല ടൈറ്റസ് രണ്ട്, വര്‍ക്കല ചാവര്‍കോട് മെറ്റ്ക ഇന്‍സ്റ്റിറ്റ്യൂട്ട്, വൈക്കം എം.ജി യൂനിവേഴ്സിറ്റി കോളജ് ഒാഫ് ടീച്ചര്‍ എജുക്കേഷന്‍ എന്നീ ട്രെയിനിങ് കോളജുകള്‍ക്ക് പോരായ്മകള്‍ പരിഹരിക്കുന്നതിന് അവസാന ഒാര്‍മപ്പെടുത്തല്‍ നോട്ടീസ് നല്‍കാനും തീരുമാനിച്ചു. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ ഏതാനും കോളജുകളുടെ അംഗീകാരവും എന്‍.സി.ടി.ഇ പിന്‍വലിച്ചിട്ടുണ്ട്.