കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ആകര്‍ഷിക്കാന്‍ ബി ജെ പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലന്ന് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവ സമൂഹം ബി ജെ പിക്കൊപ്പം നില്‍ക്കുമ്പോഴും കേരളത്തിലെ ക്രൈസ്തവര്‍ ബി ജെ പിയോട് തൊട്ടുകൂടായ്മ പുലര്‍ത്തുകയാണെന്നാണ് ബി ജെ പി ദേശീയ നേതൃത്വം വിശ്വസിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്കര്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തില്‍ വന്നു ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി നിരന്തര ചര്‍ച്ചകള്‍ നടത്തിയിട്ടും ക്രൈസ്തവ ജനസാമന്യം ബി ജെ പിക്ക് നേരെ മുഖം തിരിക്കുകയാണെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം തിരിച്ചറിയുന്നത്.

ഉത്തരേന്ത്യയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ തീവ്രഹിന്ദു ഗ്രൂപ്പുകള്‍ നടത്തുന്ന ആക്രമണത്തില്‍ ശക്തിയായ പ്രതിഷേധമാണ് കേരളത്തിലെ ക്രൈസ്തവര്‍ക്കുളളത്. കേന്ദ്രബി ജെ പി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലും കേരളത്തിലെ ക്രിസ്ത്യന്‍ ബീഷപ്പുമാര്‍ തങ്ങളുടെ പ്രതിഷേധം ശക്തിയായി അറിയിച്ചിരുന്നു. കേരളത്തില്‍ ക്രൈസ്തവര്‍ പൊതുവേ മതേതര നിലപാട് പുലര്‍ത്തുന്നവരാണെന്നും അവരെയൊക്കെ ബി ജെ പിയുടെ കൊടിക്കീഴില്‍ കൊണ്ടുവരിക അത്രയൊന്നും എളുപ്പമല്ലന്നും ക്രൈസ്്തവ മധമേലധ്യക്ഷന്‍മാര്‍ ബി ജെ പി നേതൃത്വത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ മാസം തൃശൂരിലെത്തിയ കേന്ദ്ര ന്യുനപക്ഷ കാര്യമന്ത്രി ജോണ്‍ ബിര്‍ലയും നിരവധി ക്രൈസ്തവ ബിഷപ്പുമാരെ കണ്ടിരുന്നു. ക്രിസ്തുമസിനോടനുബന്ധിച്ച് തൃശൂരില്‍ നടക്കുന്ന പ്രശസ്തമായ ബോണ്‍ നതാലെ ആഘോഷത്തിലും ജോണ്‍ ബിര്‍ല പങ്കുകൊണ്ടിരുന്നു. എന്നാല്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ പലരും ബി ജെ പിയോട് പരസ്യമായി അടുക്കാന്‍ വിമുഖത കാണിക്കുകയാണെന്ന് ബി ജെ പി നേതൃത്വം കരുതുന്നു.