കെ സുധാകരന്‍ ഇന്ന് രാവിലെ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും. ചുമതലയേറ്റെടുക്കുന്ന ചടങ്ങ് രാവിലെ 11 മണിക്കും 11 30 നും ഇടയ്ക്കാണ് സംഘടിപ്പിക്കുന്നത്. ചടങ്ങിന് മുമ്ബായി കണ്ണൂര്‍ എംപി കൂടിയായ കെ സുധാകരന്‍ തിരുവനന്തപുരത്ത് ഗാന്ധി പ്രതിമയിലും പാളയത്തെ രക്തസാക്ഷി മണ്ഡപത്തിലും ഹാരം സമര്‍പ്പിച്ച ശേഷമാണ് ചടങ്ങില്‍ പങ്കെടുക്കുക.
തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരഭവനില്‍ എത്തിയാണ് കെ സുധാകരന്‍ ചുമതലയേല്‍ക്കുന്നത്. ഇതിന് ശേഷം അദ്ദേഹത്തിന്‍റെ ആമുഖ പ്രസംഗവും ഉണ്ടാകും. കെ സുധാകരന്റെ നിയമനത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഉടലെടുത്ത പ്രശ്നമാണ് പാര്‍ട്ടിക്കുള്ളില്‍ തലമുറക്കൈമാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്ന് വന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് പഠിക്കാന്‍ എഐസിസി നിര്‍ദേശിച്ച അശോക് ചൗഹാന്‍ സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഹൈക്കാമന്‍ഡ് ഐക്യകണ്ഠേന സുധാകരന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു.
ഇതിന് മുന്നോടിയായി എഐസിസി ജനറല്‍ സെക്രട്ടറിയായി താരിഖ് അന്‍വര്‍ സംസ്ഥാന നേതാക്കളുമായി നേരിട്ടും അല്ലാതെയും കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെയും എംഎല്‍എമാരുടെയും കെപിസിസി കമ്മിറ്റിയിലെ അംഗങ്ങളുടെയും അഭിപ്രായം താരിഖ് അന്‍വര്‍ ചോദിച്ചു അറിഞ്ഞിരുന്നു. ബഹുഭൂരിപക്ഷം പേരും കെ.സുധാകരന്റെ പേരാണ് നിര്‍ദേശിച്ചതെന്ന് താരിഖ് അന്‍വര്‍ പറഞ്ഞിരുന്നു.
എന്നാല്‍ മുതിര്‍ന്ന് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ആരുടെയും പേര് കെപിസിസി അധ്യക്ഷനായി നിര്‍ദേശിച്ചിരുന്നില്ല എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. അതിനിടയില്‍ കെപിസിസി അധ്യക്ഷന്റെ പദവിയിലേക്ക് സുധാകരനെ കൂടാതെ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷും പരിഗണ പട്ടികയില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.



