കൊച്ചി: കെ.വി. തോമസ് ഇടതുപക്ഷത്തേക്ക് എത്തിയത് വിപരീതഫലം ചെയ്തെന്ന് സി.പി.ഐ. എറണാകുളം ജില്ലാസമ്മേളന റിപ്പോർട്ടിൽ പറയുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തോൽവിയുടെ പ്രധാനകാരണങ്ങളിലൊന്നായി സി.പി.ഐ. എടുത്തുകാട്ടുന്നത് തോമസിന്റെ വരവാണ്. ഇടതുമുന്നണിയുടെ മൂല്യാധിഷ്ഠിതരാഷ്ട്രീയത്തിന് എതിരായ നടപടിയായാണ് ജനങ്ങൾ ഇതിനെ വിലയിരുത്തിയത്. കെ-റെയിൽ എന്തായാലും നടപ്പാക്കുമെന്ന് പ്രചാരണം നടത്തിയതും സഭ നിർദേശിച്ച ആളാണ് സ്ഥാനാർഥിയെന്ന പ്രചാരണവും തിരിച്ചടിക്ക് കാരണമായെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

സി.പി.ഐ. ജില്ലാനേതൃത്വം മുൻകൈയെടുത്തു നടത്തിയ ഡി.ഐ.ജി. ഓഫീസ് മാർച്ചിനുനേരെ ലാത്തിച്ചാർജ് ഉണ്ടായ സംഭവത്തിൽ അത് ബോധപൂർവം സൃഷ്ടിച്ചതാണെന്ന് പാർട്ടിനേതൃത്വത്തിന് പരാതി നൽകിയതിനെയും സംസ്ഥാന സെക്രട്ടറി ഇതുസംബന്ധിച്ച് നടത്തിയ പ്രതികരണത്തെയും റിപ്പോർട്ടിൽ വിമർശിക്കുന്നു.