കെ റെയിലിന്റെ പേരെടുത്ത് പറയാതെ കേരളത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി. കൊച്ചി മെട്രോ പാത നീട്ടല്‍ സംസ്ഥാനത്തിന് സമര്‍പ്പിക്കുന്ന വേദിയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചത്. ചടങ്ങില്‍ അധ്യക്ഷനായിരുന്നു മുഖ്യമന്ത്രി.
സിയാല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന പരിപാടിയിലാണ് മെട്രോ വികസനം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് ഖാനടക്കമുള്ളവര്‍ വേദിയില്‍ ഉണ്ടായിരുന്നു. എസ് എന്‍ ജംഗ്ഷന് മുതല്‍ വടക്കേക്കോട്ടവരെയുള്ള പുതിയ മെട്രോ പാതയില്‍ 43 ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് ആദ്യ യാത്രക്കാരായത്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലം മാറുന്നതിനുസരിച്ച് വികസന സങ്കല്പ്പനങ്ങളും മാറണം. അതിന് വേണ്ടിയുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് എല്ലാ സഹായവും കേന്ദ്രം നല്‍കും.മെട്രോ പുതിയപാത കൊച്ചിയുടെ വികസനത്തിന് പുതിയമുഖം നല്‍കും. ഗതാഗതക്കുരുക്കും മലീനീകരണവും കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ റെയില്‍വേ വികസനത്തിലെ നാഴികകല്ലാകും കോട്ടയം ഇരട്ടപ്പാത വികസനമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്കും സാധാരണക്കാര്‍ക്കും ഏറ്റവും ഗുണം ചെയ്യുന്നതാണ് പദ്ധതിയെന്നും മോദി ചൂണ്ടികാട്ടി.



