കോട്ടയം/ഷിക്കാഗോ ∙ കേരളത്തില്‍ കോവിഡ്മൂലം മരണപ്പെടുന്നവരുടെ ശവസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന കോട്ടയം അതിരൂപത കെസിവൈഎല്‍ സന്നദ്ധസേവകര്‍ക്ക് ആവശ്യമായ പിപിഇ കിറ്റുകള്‍ കെസിസിഎന്‍എ നല്‍കി. കെസിവൈഎല്‍ന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മരണാനന്തര ചടങ്ങുകള്‍ ഇതിനോടകം ശ്രദ്ധ നേടുകയുമുണ്ടായി.

ഈ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിപിഇ കിറ്റുകള്‍ നല്‍കുവാനുള്ള ഉത്തരവാദിത്വം ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെസിസിഎന്‍എ) ഏറ്റെടുക്കുകയും അതിന്‍റെ ആദ്യ സംരംഭമായി 100 പിപിഇ കിറ്റുകള്‍ കെസിവൈഎല്‍ അതിരൂപതാ പ്രസിഡന്‍റ് ലിബിന്‍ ജോസ് പാറയില്‍, ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, വൈസ് പ്രസിഡന്‍റ് ജോസുകുട്ടി താളിവേലില്‍ എന്നിവര്‍ക്ക് നല്‍കിയതായി കെസിസിഎന്‍എ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.

കെസിസിഎന്‍എയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് നല്‍കുവാനായി വിവിധ കര്‍മ്മപദ്ധതികള്‍ തയാറാക്കി വരുന്നതായി കെസിസിഎന്‍എ ഭാരവാഹികളായ സിറിയക് കൂവക്കാട്ടില്‍, ജോണ്‍ സി. കുസുമാലയം, ലിജോ മച്ചാനിക്കല്‍, ജിറ്റി പുതുക്കേരി, ജെയ്മോന്‍ കട്ടിണശ്ശേരിയില്‍ എന്നിവര്‍ അറിയിച്ചു.