കെ മുരളീധരൻ എംപി കെപിസിസി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം രാജിവച്ചു. രണ്ട് പദവികൾ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. രാജിക്കത്ത് കെ മുരളീധരൻ, സോണിയാ ഗാന്ധിക്ക് കൈമാറി.

സമൂഹമാധ്യമത്തിലൂടെയാണ് രാജിക്കത്ത് നൽകിയ കാര്യം കെ മുരളീധരൻ അറിയിച്ചത്. ദൗത്യങ്ങൾ ഉത്തരവാദത്തത്തോടെ ചെയ്തുവെന്ന് ഉറപ്പുണ്ട്. ഒരാൾക്ക് ഒരു പദവി ചട്ടം അനുസരിച്ചാണ് പ്രചാരണ വിഭാഗം അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതെന്നും രാജിക്കത്തിൽ പറയുന്നു. പിന്തുണച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ വേണ്ട കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി മുരളീധരന് ഉണ്ടായിരുന്നു. സെക്രട്ടറിമാരുടെ നിയമനത്തിലടക്കം ഒരു കാര്യവും അറിയിക്കുന്നില്ലെന്നും മുരളീധരൻ പരാതിപ്പെട്ടിരുന്നു. കെപിസിസി അധ്യക്ഷനെ അറിയിക്കാതെ നേരിട്ട് സോണിയ ഗാന്ധിക്ക് കത്ത് നൽകിയതും അതൃപ്തി മൂലമാണെന്നാണ് വിവരം.