ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: വിസ്‌കോണ്‍സിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കറുത്ത വര്‍ഗ്ഗക്കാരനായ ജേക്കബ് ബ്ലെയ്ക്കിനെ വെടിവച്ചതിനെതിരെ വ്യാപക കലാപം. സംഘര്‍ഷം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി കെനോഷയില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്നാമന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രാത്രി 11:45 ഓടെ ഒന്നിലധികം പേര്‍ക്കു വെടിയേറ്റതായി ഉദേ്യാഗസ്ഥര്‍ അറിയിച്ചു. ഗുരുതര പരിക്കുകളോടെ പരിക്കേറ്റ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്പിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി കച്ചവടസ്ഥാപനങ്ങള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം ലഘൂകരിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു. എന്നാല്‍ രാത്രിയുടെ മറവില്‍ അക്രമികള്‍ അഴിഞ്ഞാടി. ചൊവ്വാഴ്ച ബ്ലെയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. വെടിവയ്പ്പ് രാജ്യവ്യാപകമായി പ്രകടനത്തിന് കാരണമായി, പോലീസ് പരിഷ്‌കരണം ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പലേടത്തും കോവിഡ് പകര്‍ച്ചവ്യാധി വകവെക്കാതെ കൂട്ടംകൂടുന്നുണ്ട്.

മൂന്നാം ദിവസം നീണ്ട പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരും സായുധരായ സാധാരണക്കാരും തമ്മിലാണ് ഇപ്പോള്‍ വ്യാപക സംഘര്‍ഷം നടക്കുന്നത്. പ്രകടനക്കാരും വ്യാപാരികളെ സംരക്ഷിക്കുന്ന ആയുധങ്ങളുള്ള ഒരു കൂട്ടമാളുകളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായാണോ വെടിവയ്‌പ്പെന്ന് അന്വേഷിക്കുന്നുണ്ടെന്ന് കെനോഷ കൗണ്ടി ഷെരീഫ് ഡേവിഡ് ബെത്ത് പറഞ്ഞു. നഗരത്തിലെ സംഘര്‍ഷത്തില്‍ താന്‍ അസ്വസ്ഥയാണെന്ന് ജേക്കബ് ബ്ലെയ്ക്കിന്റെ അമ്മ പറയുന്നു. 29 കാരനായ കറുത്തവര്‍ഗ്ഗക്കാരന്‍ ബ്ലെയ്ക്കിനെ മക്കളോടൊപ്പം ഒരു എസ്‌യുവിയില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിരവധി തവണ പോലീസ് വെടിവച്ചതാണ് ഇപ്പോള്‍ പ്രതിഷേധത്തിനു കാരണമായത്.

രണ്ട് സ്ത്രീകള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ശ്രമിച്ചതിന് ശേഷമാണ് പോലീസ് ബ്ലെയ്ക്കിനെ വെടിവച്ചതെന്ന് സിവില്‍ റൈറ്റ്‌സ് അറ്റോര്‍ണി ബെന്‍ ക്രുമ്പ് പറഞ്ഞു. വെടിവയ്പിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് പോലീസ് ഒരു വിവരവും നല്‍കിയിട്ടില്ല. സംഭവത്തിനു കാരണക്കാരായ രണ്ട് കെനോഷ ഉേദ്യാഗസ്ഥരെ അഡ്മിനിസ്‌ട്രേറ്റീവ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്പ്പ് കേനോഷ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മൈക്കല്‍ ഗ്രേവ്‌ലിയുടെ ഓഫീസും വിസ്‌കോണ്‍സിന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും അന്വേഷിക്കുന്നുണ്ട്. വെടിവെപ്പിന്റെ വീഡിയോ പുറത്തായതാണ് കലാപത്തിനു കാരണമായതെന്നു കരുതുന്നു. ഇത് ലക്ഷക്കണക്കിനാളുകളാണ് സമൂഹമാധ്യമത്തിലൂടെ ഷെയര്‍ ചെയ്തത്.

കാറുകളും കെട്ടിടങ്ങളും കത്തിച്ചതിനെ തുടര്‍ന്ന് വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍ ചൊവ്വാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ദേശീയ ഗാര്‍ഡിലെ 250 അംഗങ്ങളെ സഹായത്തിനു വിളിക്കുകയും ചെയ്തു. ബ്ലെയ്ക്ക് ആശുപത്രിയില്‍ തുടരുകയാണെങ്കിലും അരയ്ക്കു തളര്‍ന്നുവെന്ന് കുടുംബം പറയുന്നു. ബ്ലെയ്ക്ക് വീണ്ടും നടക്കാന്‍ ഒരു അത്ഭുതം വേണ്ടിവരുമെന്ന് കുടുംബ അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, ജേക്കബ് ബ്ലെയ്ക്ക് സംഭവത്തെത്തുടര്‍ന്ന് ഗെയിമുകള്‍ ബഹിഷ്‌കരിക്കുന്നത് എന്‍ബിഎ കളിക്കാര്‍ ചര്‍ച്ച ചെയ്യുന്നു. എന്‍ബിഎ പ്ലേ ഓഫുകളുടെ അടുത്ത റൗണ്ട് മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്. എന്നാല്‍ ലീഗിലുടനീളമുള്ള കളിക്കാര്‍ക്ക്, ജേക്കബ് ബ്ലെയ്ക്കിനെ പോലീസ് വെടിവച്ചതിനെത്തുടര്‍ന്ന് ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സംഭവത്തോട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചിട്ടില്ല. റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വന്‍ഷന്‍ ശേഷം മെലാനിയ ട്രംപ് മാധ്യമങ്ങളെ കണ്ടെങ്കിലും ഇക്കാര്യത്തെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു.