കോഴിക്കോട് | കേരളത്ത നടുക്കിയ കൂടത്തായ് കൊലപാതക പരമ്ബരകളുടെ പ്രാഥമിക വിചാരണ നടപടികള്‍ എരഞ്ഞിപ്പാലം അഡീഷന്‍ സെഷന്‍സ് കോടതി (മാറാട് കോടതി)യില്‍ ഇന്ന് തുടങ്ങും. മുഖ്യപ്രതി ജാളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ഭാര്യയായിരുന്ന സിലിയുടെ കൊലപാതകാണ് ആദ്യം പരിഗണിക്കുക. പ്രാഥമിക വാദം കേട്ട ശേഷമാകും തുടര്‍ വിചാരണ നടപടികള്‍ എന്നു തുടങ്ങണമെന്ന് കോടതി തീരുമാനിക്കുക.

2016 ജനുവരി 11നാണു സിലി കൊല്ലപ്പെട്ടത്. ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ചുനല്‍കി ജോളി ജോസഫ് ഇവരെ കൊലപ്പെടുത്തിയെന്നാണു കേസ്. ജോളിക്കു സയനൈഡ് എത്തിച്ചു നല്‍കിയ എം എസ് മാത്യു, കെ പ്രജികുമാര്‍ എന്നിവരാണു രണ്ടും മൂന്നും പ്രതികള്‍. ഇവരും വിചാരണ നേരിടും. പ്രതികളെ ജയിലില്‍ നിന്ന് കോടതിയിലെത്തിക്കും.

2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളിയെ പോലീസ് അറസ്റ്റു ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ്‌തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണു കേസ്. ആറു കേസുകളിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അഡ്വ. എന്‍ കെ ഉണ്ണിക്കൃഷ്ണനാണ് ഈ കോലപാതകപരമ്ബരയിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.