കുവൈത്ത് മംങ്കാഫ് നഗരത്തിലുണ്ടായ വൻ തീപിടുത്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഖ്യമന്ത്രി പിണറായി വിജയനും. 41 ഇന്ത്യക്കാർ മരിയ്ക്കുകയും ഒട്ടേറെ ആളുകൾ ആശുപത്രിയിൽ തുടരുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യൻ എംബസിയടക്കം ഇടപെടലുകൾ നടത്തിവരികയാണ്. അപകടത്തിൽപ്പെട്ടവർക്കൊപ്പം താനുണ്ടെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വാറ്റ് ചെയ്തു. വാര്‍ത്തകള്‍ ഏറെ ദുഃഖകരമാണെന്നും മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
“കുവൈത്ത് സിറ്റിയിലുണ്ടായ തീപിടിത്തം ദുഖകരമാണ്. എൻ്റെ ചിന്തകൾ അവരുടെ അടുത്തവരും പ്രിയപ്പെട്ടവരുമായ എല്ലാവരുടെയും കൂടെയാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കാൻ അവിടത്തെ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു.” പ്രധാനമന്ത്രി കുറിച്ചു.
കുവൈത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. “കുവൈത്തിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിലുണ്ടായ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തുന്നു. തീപിടിത്തത്തിൽ 40 ലേറെ പേർ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമുള്ള വാര്‍ത്തകള്‍ ഏറെ ദുഃഖകരമാണ്. അപകടത്തില്‍ മരണമടഞ്ഞവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് ആദ്യവിവരം. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.”



