കൊൽക്കത്ത: അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് നടി അർപ്പിത മുഖർജിയുടെ ഫ്ളാറ്റിൽനിന്ന് വീണ്ടും പണവും സ്വർണവും പിടിച്ചെടുത്തു. ബെൽഘാരിയ ടൗൺ ക്ലബിലെ ആഡംബര ഫ്ളാറ്റിൽനിന്ന് 28 കോടിയോളം രൂപയും ആറുകിലോ സ്വർണവുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കഴിഞ്ഞദിവസം പിടിച്ചെടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. പിടികൂടിയ പണം മാത്രം ഏകദേശം 50 കോടിയോളം രൂപയായി.
ദിവസങ്ങൾക്ക് മുമ്പ് അർപ്പിതയുടെ സൗത്ത് കൊൽക്കത്തയിലെ ഫ്ളാറ്റിൽനിന്ന് 21 കോടി രൂപയും 50 ലക്ഷത്തിന്റെ വിദേശകറൻസികളും ഇ.ഡി. പിടിച്ചെടുത്തിരുന്നു. 20 മൊബൈൽ ഫോണുകളും 70 ലക്ഷം രൂപയുടെ സ്വർണവും ആദ്യ റെയ്ഡിൽ പിടികൂടിയിരുന്നു.
അർപ്പിതയെ ഇ.ഡി. കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നതിനിടെയാണ് ബെൽഘാരിയയിലെ ഫ്ളാറ്റിൽ ബുധനാഴ്ച റെയ്ഡ് നടന്നത്. ഫ്ളാറ്റിലെ ഷെൽഫുകളിൽനിന്ന് കെട്ടുകണക്കിന് നോട്ടുകളാണ് ഇ.ഡി. സംഘം കണ്ടെടുത്തത്. ഇത് എണ്ണിതിട്ടപ്പെടുത്താൻ ഇ.ഡി. അധികൃതർ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം തേടി. കൂടുതൽ നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ച് വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് നോട്ടുകൾ എണ്ണിതിട്ടപ്പെടുത്തുന്ന നടപടി പൂർത്തിയാക്കിയത്. തുടർന്ന് ഇരുമ്പ് പെട്ടികളിലാക്കി ലോറിയിലാണ് ഇവയെല്ലാം ഉദ്യോഗസ്ഥർ കൊണ്ടുപോയത്.



