തിരുവനന്തപുരം: കൊവിഡ് ബാധിച്ച കുട്ടികള്‍ക്ക് ചെറിയ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പോലും ശിശുരോഗ വിദഗ്ദ്ധനുള്ള ആശുപത്രിയില്‍ ചികിത്സ ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. രോഗ തിവ്രതയനുസരിച്ച് താലൂക്ക്, ജില്ലാ, ജനറല്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സിക്കണം. മിതമായ രോഗലക്ഷണമുള്ളവരെ ഓക്സിജന്‍ നല്കാന് സൗകര്യമുള്ള ജില്ലാ, ജനറല്‍ ആശുപത്രികളിലേക്കാണ് മാറ്റേണ്ടത്. ഗുരുതര ലക്ഷണമുള്ളവരെ ടെര്‍ഷ്യറി കെയര്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സിക്കണം. രോഗലക്ഷങ്ങളില്ലാത്ത കുട്ടികളെ വീട്ടില്‍ ചികിത്സിക്കാം.
കൊവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളില്‍ രോഗവ്യാപനമുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ആരോഗ്യവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയത്. കുട്ടികള്‍ക്ക് വാക്സിന് നല്കാന് കഴിയാത്തതിനാലും സ്കൂള്‍ തുറന്നാലും രോഗം വര്‍ദ്ധിക്കാം.
ഗര്‍ഭസ്ഥ ശിശുവിന് മുലപ്പാലില്‍ നിന്ന് രോഗം പകര്‍ന്നതായി റിപ്പോര്‍ട്ടുകളില്ല. അതിനാല്‍ കൊവിഡ് ബാധിതരായ അമ്മമാര്‍ക്ക് മുലയൂട്ടാം. എന്നാല്‍ അമ്മയില്‍ നിന്നു വായുവിലൂടെ കുട്ടിക്ക് രോഗം പകരാം. അതിനാല്‍ മുലയൂട്ടുമ്ബോള്‍ എന്‍ 95 മാസ്ക് ധരിക്കണം.



