കുട്ടികളില്‍ ബാധിക്കുന്ന നീര്‍ക്കെട്ട് ആണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രണ്‍ (MIS-C) . കോവിഡ് ബാധ ഉള്ളപ്പോളോ അതിനു ശേഷമോ ഉണ്ടാകാം. കൂടുതലും കോവിഡ് ബാധിച്ച്‌ ഏകദേശം ഒരു മാസം കഴിയുമ്ബോഴാണ് കാണപ്പെടുന്നത്.

കോവിഡ്- 19 മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളില്‍ അത്ര ഗുരുതരമാകാറില്ല. എന്നാല്‍ മിസ് – സി ( MIS – C) അങ്ങനെയല്ല. അത് ആര്‍ക്ക് വരും എന്ന് ഇന്നത്തെ അറിവ് വച്ച്‌ പ്രവചിക്കാന്‍ സാധ്യമല്ല. ഈ രോഗത്തെക്കുറിച്ചുളള നമ്മുടെ അറിവ് ഇന്ന് അപൂര്‍ണമാണ്. MIS C യില്‍ ശ്വാസകോശത്തിന് തകരാറ് സംഭവിക്കുന്നത് അത്ര സാധാരണമല്ല.

20 വയസ്സു വരെ പ്രായമുള്ളവരില്‍ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ മാത്രമാണ് അതിനെ മിസ് – സി എന്നു പറയുക. 20 വയസ്സിനു മുകളിലുളളവരിലും കോവിഡിനെത്തുടര്‍ന്ന് ഇത്തരം ലക്ഷണങ്ങള്‍ കാണാം. ആ രോഗത്തെ മിസ് – ഏ (A = Adult – മുതിര്‍ന്നവര്‍) എന്ന് പറയുന്നു.

അമേരിക്കയില്‍ നടന്ന ഒരു പഠനം കാണിക്കുന്നത് 10 ലക്ഷം ആളുകളില്‍ ഒരു മാസം അഞ്ചു പേര്‍ക്ക് എന്ന തോതില്‍ ഈ രോഗം ഉണ്ടാകുന്നു എന്നാണ്. കോവിഡ് വന്നവരെ മാത്രം കണക്കിലെടുക്കുകയാണെങ്കില്‍ ഇത് പത്ത് ലക്ഷം പേരില്‍ ഒരു മാസം 316 പേര്‍ക്ക് എന്ന തോതില്‍ ഉയരും. വളരെ അപൂര്‍വമാണ് ഈ രോഗം എന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ.

∙ 24 മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന പനി ( കുട്ടികളില്‍ മുന്‍ കാലങ്ങളില്‍ പനി വളരെ സാധാരണമായിരുന്നു എങ്കിലും ഈ കോവിഡ് കാലഘട്ടത്തില്‍ മറ്റ് രോഗാണുക്കള്‍ മൂലമുള്ള പനി താരതമ്യേന കുറവാണ്)

∙ തൊലിപ്പുറമേ കാണുന്ന തിണര്‍പ്പ്

∙ വയറിളക്കം

∙ വയറുവേദന

∙ ഛര്‍ദ്ദി

∙ വല്ലാത്ത ക്ഷീണം

∙ ഹൃദയം പടപടാ മിടിക്കുന്നത് അറിയുക

∙ അസാധാരണമായ വേഗത്തില്‍ ശ്വാസം എടുക്കുക

∙ കണ്ണ് ചുവക്കുക

∙ ചുണ്ടും നാവും ചുവന്ന് വീര്‍ക്കുക

∙ കാല്‍പാദം, കൈപ്പത്തി എന്നിവ ചുവന്ന് നീരു വെക്കുക

∙ തലവേദന, തലചുറ്റല്‍

∙ കഴലകള്‍ തടിക്കുക

ഈ ലക്ഷണങ്ങള്‍ മറ്റ് പല സാധാരണ രോഗങ്ങളിലും കാണാറുണ്ട്. അതിനാല്‍ ഡോക്ടര്‍മാര്‍ മറ്റു സാധാരണ രോഗങ്ങളെന്തെങ്കിലും ആണോ എന്ന് പ്രത്യേകം ആലോചിക്കുകയും, ആവശ്യമായ പരിശോധനകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. മിസ്-സി ഉള്ള ഒരു കുട്ടിക്ക് മേല്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടാവുകയുമില്ല. അപൂര്‍വമായാണെങ്കിലും ഇതിനു മുമ്ബും കുട്ടികളില്‍ കാണാറുണ്ടായിരുന്ന കവാസാക്കി രോഗവുമായി ചില സാമ്യങ്ങള്‍ ഈ രോഗത്തിനുണ്ട്.

അപകട സൂചനകള്‍

∙ കടുത്ത വയറു വേദന

∙ ശ്വാസംമുട്ട്

∙ നെഞ്ചുവേദന

∙ നെഞ്ചില്‍ ഭാരം കയറ്റിവച്ച പോലെ തോന്നുക

∙ വിരലുകളുടെ അഗ്രഭാഗം, നഖം, ചുണ്ട്, നാവ് എന്നിവിടങ്ങളില്‍ നീലിപ്പ് (രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞ് പോകുന്ന അവസ്ഥ)

∙ ചര്‍മം പെട്ടെന്ന് വിളറി വെളുത്തതായോ, ചാരനിറമായോ കാണപ്പെടുക ( രക്തസമ്മര്‍ദ്ദം കുറഞ്ഞ് പോകുന്ന shock എന്ന അവസ്ഥ )

∙ പെട്ടെന്നുണ്ടാകുന്ന കണ്‍ഫ്യൂഷന്‍

∙ ഉണര്‍ത്തിയാലും ഉണര്‍ന്നിരിക്കാന്‍ പറ്റാത്ത രീതിയിലുള്ള മയക്കം.

കോവിഡ് ബാധിച്ചവര്‍ക്കാണ് പിന്നീട് MIS C വരുന്നത് എങ്കിലും, നേരത്തെ പറഞ്ഞ പോലെ, കോവിഡ് ലക്ഷണങ്ങള്‍ മുമ്ബ് ഉണ്ടായിരുന്നിരിക്കണം എന്ന് നിര്‍ബന്ധമില്ല.