കൊച്ചി: കിറ്റെക്‌സിലെ പരിശോധനകള്‍ക്ക് പിന്നിലെ രാഷ്‌ട്രീയ ഗൂഢാലോചനയുടെ കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നതെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ് പറഞ്ഞു. സര്‍ക്കാരിന്റെ രാഷ്‌ട്രീയവൈരാഗ്യവും പരിശോധനകളിലൂടെയുള്ള ദ്രോഹവും മൂലം കേരളം നിക്ഷേപസൗഹൃദമല്ലെന്ന് ചൂണ്ടിക്കാട്ടി 3,500 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ 29ന് കിറ്റെക്‌സ് വ്യക്തമാക്കിയിരുന്നു. 35,000 തൊഴിലുകള്‍ സൃഷ്‌ടിക്കുന്ന പദ്ധതിയില്‍ നിന്നാണ് പിന്‍വാങ്ങല്‍.

പിന്മാറ്റം പ്രഖ്യാപിക്കുംവരെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് നോട്ടീസൊന്നും കിറ്റെക്‌സിന് ലഭിച്ചിരുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു. എന്നാല്‍, സ്ഥലം എം.എല്‍.എ പി.വി. ശ്രീനിജന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പരിശോധനയെന്നും പരിശോധനയ്ക്കെത്തിയ സബ് ജഡ്‌ജി തന്നെ വിളിച്ചിരുന്നുവെന്നും പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധനയെങ്കില്‍ സ്ഥലം എം.എല്‍.എ മാത്രം അതെങ്ങനെ അറിഞ്ഞു? സബ് ജഡ്‌ജി എന്തിനാണ് എം.എല്‍.എയെ വിളിക്കുന്നത്?

ജൂണ്‍ 30ന് പാര്‍ട്ടി പത്രത്തില്‍ മാത്രം ഒരുമാസമായുള്ള പരിശോധനകളുടെ റിപ്പോര്‍ട്ട് വന്നു. മറ്റൊരു ചാനലില്‍ അന്ന് വൈകിട്ട് നാലിന് സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ.എസ്. അരുണ്‍കുമാര്‍ പറഞ്ഞത് കിറ്റെക്‌സിന് വിവിധ വകുപ്പുകള്‍ ഏഴ് നോട്ടീസുകള്‍ നല്‍കിയെന്നാണ്. അദ്ദേഹത്തിന് ഈ വിവരങ്ങള്‍ എവിടുന്ന് കിട്ടി? 30ന് വൈകിട്ട് 5.40നാണ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കമ്ബനിക്ക് നോട്ടീസ് നല്‍കിയത്. മറ്റു വകുപ്പുകള്‍ നോട്ടീസ് നല്‍കിയിട്ടുമില്ല.

പുതിയ മിനിമം കൂലി തൊഴിലാളികള്‍ക്ക് നല്‍കുന്നില്ലെന്നാണ് തൊഴില്‍ വകുപ്പിന്റെ നോട്ടീസിലുള്ളത്. 2019ലെ പുതുക്കിയ കൂലി 2021 മാര്‍ച്ച്‌ 26ന് ഹൈക്കോടതി സ്‌റ്റേ ചെയ്‌തതാണ്. ഇത് എല്ലാ കമ്പനികള്‍ക്കും ബാധകമാണ്. എന്നിട്ടും കിറ്റെക്‌സിന് മാത്രം നോട്ടീസ് നല്‍കിയത് കോടതിയലക്ഷ്യവും നിയമവിരുദ്ധവുമാണ്. നിലവിലെ ചട്ടപ്രകാരം എ ഗ്രേഡ് ടെയ്‌ലര്‍ക്ക് നല്‍കേണ്ട ശമ്ബളം 9,240 രൂപയാണ്. എന്നാല്‍, കിറ്റെക്‌സ് 16,250 ശമ്ബളവും നാലുനേരം സൗജന്യമായി നോണ്‍-വെജ് ഭക്ഷണവും താമസവും നല്‍കുന്നു.

നോട്ടീസ് ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ കോടതിയില്‍ ഹര്‍ജി നല്‍കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യവസായ മന്ത്രി ഇടപെടുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കമ്പനിയെ പൊതുജനമദ്ധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ തൊഴില്‍ വകുപ്പ് നോട്ടീസിലൂടെ ശ്രമിക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.