തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരുമായുള്ള സമവായ നീക്കങ്ങളെല്ലാം പാളിയതോടെ കിറ്റെക്‌സ് കേരളം വിടാന്‍ തീരുമാനിച്ചുകഴിഞ്ഞതായി സൂചന. സംസ്ഥാനസര്‍ക്കാരുമായുള്ള 3500 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറിയ കിറ്റെക്‌സിനെ ബിസിനസ് നടത്തുന്നതിന് കര്‍ണ്ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. നിരവധി ഓഫറുകളാണ് കിറ്റെക്‌സ് ഗ്രൂപ്പിന് മുന്നില്‍ കര്‍ണാടക സര്‍ക്കാര്‍ വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന സര്‍ക്കാരുമായുള്ള സമവായങ്ങള്‍ പാളിയതോടെ മുന്നിലെത്തിയ ഈ ഓഫര്‍ കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും സൂചന പുറത്തുവരുന്നുണ്ട്. തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും കര്‍ണാടക സര്‍ക്കാരിന് തൊട്ടുമുന്‍പ് സാബു എം ജേക്കബിന് മുന്നില്‍ നിരവധി ഓഫറുകള്‍ മുന്നോട്ടുവെച്ചിരുന്നു. അതുവരെ ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നും സാബു ജേക്കബിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം 3500 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച്‌ താത്പര്യപത്രം മാത്രമാണ് കിറ്റക്‌സ് നല്കിയിട്ടുള്ളതെന്ന് മന്ത്രി പി രാജീവ് വിശദീകരിച്ചു. ധാരണാ പത്രം കമ്ബനി ഒപ്പു വച്ചിട്ടില്ലെന്നും അതിന്റെ തുടര്‍ച്ചയില്‍ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. അസന്റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ലെന്ന സാബു ജേക്കബിന്റെ ആരോപണവും വസ്തുതാപരമല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

540.16കോടി രൂപയുടെ19പദ്ധതികള്‍ ഇതിനകം യാഥാര്‍ത്ഥ്യമായി. 7223കോടി രൂപയുടെ60പദ്ധതികള്‍ പുരോഗമിക്കുകയാണ്. കൊവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന്41പദ്ധതികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 28പദ്ധതികള്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെട്ടെന്നും മന്ത്രി രാജീവ് അറിയിച്ചു.