കാവേരി നദീജലം കർണാടക കൂടുതൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കർഷകർ പ്രതിഷേധം ശക്തമാക്കി. വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധങ്ങളാണ് കർഷകർ നടത്തുന്നത്.

ഡെൽറ്റ ഫാർമേഴ്‌സ് അസോസിയേഷൻ അംഗങ്ങൾ ചാട്ടവാറുകൊണ്ട് സ്വയം അടിച്ച് വേദനിപ്പിച്ചുകൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ജലക്ഷാമം മൂലം കൃഷിയിടങ്ങൾ വരണ്ടുപോകുന്നത് കണ്ട് അവർ അനുഭവിക്കുന്ന വേദനയുടെ പ്രതീകമായാണ് ഇത്തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചതിന് തമിഴ്‌നാട് കർഷക ഫെഡറേഷൻ പ്രസിഡന്റ് പിആർ പാണ്ഡ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.

50 ദിവസത്തിലേറെയായി തുടരുന്ന കർഷക സമരം തിങ്കളാഴ്ചയാണ് ചെന്നൈയിലെത്തിയത്. തമിഴ്‌നാട് കർഷക സംഘടനയാണ് ചെന്നൈ മറീന ബീച്ചിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴി തടസ്സപ്പെടുത്താൻ പി ആർ പാണ്ഡ്യൻ ശ്രമിച്ചു. ഇതേ തുടർന്ന് പോലീസ് ഇടപെട്ട് സംഭവസ്ഥലത്ത് നിന്ന് അദ്ദേഹത്തെ നീക്കുകയായിരുന്നു.

കാവേരി നദീജല പ്രശ്നത്തിൽ കർണാടകയിൽ ആഹ്വാനം ചെയ്ത ബന്ദിൽ പാണ്ഡ്യൻ ആശങ്കകൾ പ്രകടിപ്പിച്ചു. 2016ൽ സമാനമായ ബന്ദിനിടെയുണ്ടായ സംഘർഷാവസ്ഥ ചൂണ്ടിക്കാട്ടി, ബന്ദ് തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഡെൽറ്റ ഫാർമേഴ്‌സ് അസോസിയേഷൻ പ്രതിഷേധത്തിൽ ഉറച്ചുനിൽക്കുകയാണ്. കൂടാതെ അസോസിയേഷൻ അംഗങ്ങൾ ട്രിച്ചിയിലെ കാവേരി നദിക്കരയിൽ ഇരുന്നും പ്രതിഷേധിച്ചു. 

“30 ലക്ഷം ഏക്കർ കൃഷിയോഗ്യമായ കൃഷിയിടങ്ങളുള്ള തമിഴ്‌നാട്ടിലെ കർഷകർ നേരിടുന്നത് രൂക്ഷമായ പ്രതിസന്ധിയാണ്. ജലദൗർലഭ്യം രൂക്ഷമായതിനാൽ ഒരു ലക്ഷം ഏക്കറിൽ മാത്രമേ കൃഷി ചെയ്യാൻ കഴിയൂ. വിപരീതമായി കർണാടക കൃഷി ചെയ്യുന്നു. ഒരു ലക്ഷം ഏക്കറിൽ നിന്ന് 30 ലക്ഷം ഏക്കർ. രാഷ്ട്രീയ ഇടപെടലിലിലൂടെ മാത്രമേ ഞങ്ങളെ രക്ഷിക്കാൻ കഴിയൂ എന്ന നിലയിലേക്ക് സാഹചര്യം എത്തിയിരിക്കുന്നു.”- ഡെൽറ്റ ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അയ്യക്കണ്ണ് പറഞ്ഞു.