കാലിഫോര്‍ണിയ: നോര്‍ത്തേണ്‍ കാലിഫോര്‍ണിയയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച വൈകിട്ട് മൂന്നിനായിരുന്നു വടക്കന്‍ കാലിഫോര്‍ണിയയിലെ വാട്‌സോണ്‍വില്ലേ മുനിസിപ്പല്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായത്. വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.

സെസ്‌ന 340 എന്ന ഇരട്ട എന്‍ജിന്‍ വിമാനത്തില്‍ രണ്ടുപേരും സെസ്‌ന 152 എന്ന ഒറ്റ എന്‍ജിന്‍ വിമാനത്തില്‍ പൈലറ്റ് മാത്രവുമാണ് അപകടസമയത്ത് ഉണ്ടായിരുന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

അപകടത്തില്‍ ഇരുവിമാനങ്ങളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇരുവിമാനങ്ങളിലുമുണ്ടായിരുന്ന യാത്രക്കാരുടെ പരിക്കുകള്‍ സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകളില്ല. അപകടം സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ വിശദമായ അന്വേഷണം ആരംഭിച്ചു.