കാൽഗറി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേരി ക്വീൻ ഓഫ് പീസ് യുഎസ്എ – കാനഡ എപ്പാർക്കിയിലെ കാനഡ റീജിയണിന്റെ നേതൃത്വത്തിൽ ജൂൺ 29, 30 തീയതികളിൽ സെന്റ് മദർ തേരസ സീറോമലബാർ ചർച്ചിൽ വച്ച് ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നു.
യുഎസ്എ – കാനഡ രൂപതയുടെ അധ്യക്ഷൻ പീലിപ്പോസ് മാർ സ്തേഫാനോസ് സന്നിഹിതനാകുന്ന ഈ കോൺഫറൻസിൽ ഉദ്ഘാടന കർമം നിർവഹിക്കുന്നത് കാൽഗറി രൂപതയുടെ അധ്യക്ഷൻ വില്യം മഗ്രാട്ടൻ ആണ്.
ഈ മാസം 29ന് ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന കോൺഫറൻസ് 30ന് ഉച്ചയ്ക്ക് വി.കുർബാനയോടു കൂടി സമാപിക്കും. ഫാ. ഡൈജു കുര്യാക്കോസ്, ഫാ. ജോസഫിൻ രാജ്, ഫാ. വർഗീസ് അഞ്ചനിത്തടത്തിൽ, ഫാ. അജീഷ് ചെറിയുപറമ്പിൽ എന്നീ വൈദീകരും മറ്റനേകം വൈദീകരും കാനഡയിലെ മലങ്കര പള്ളികളിൽ നിന്നും ( Calgary, Edmonton, Kitchener, London, Niagra, Toronto, Vancouver) അനേകം വിശ്വാസികളും സംബന്ധിക്കും.
2.30ന് രജിസ്ട്രേഷനു ശേഷം ഉദ്ഘാടനത്തോടു കൂടി 29-ാം തീയതിയിലെ പരിപാടികൾ ആരംഭിക്കും. തുടർന്ന് വിവിധ പള്ളികളിലെ മത്സരാർഥികൾ സംബന്ധിക്കുന്ന ക്വിസ് മത്സരവും ആരാധന ഗീത മത്സരവും വൈകുന്നേരം കലാസന്ധ്യയും നടത്തപ്പെടുന്നു.
30ന് രാവിലെ 8.30ന് പീലിപ്പോസ് മാർ സ്തേഫാനോസ് പിതാവിന്റെ നേതൃത്വത്തിൽ “Possibilities and Challenges of Syro Malankara Families Living in Canada’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസും തുടർന്ന് പാനൽ ചർച്ചയും നടത്തപ്പെടുന്നു.
11.30ന് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വൈദികരും ദൈവജനവും ഒരുമിച്ച് വിശുദ്ധ ബലി അർപ്പിക്കുന്ന ഈ ബലിയിൽ ജൂലൈ 15ന് ഓർമ തിരുന്നാൾ ആഘോഷിക്കുന്ന “ധന്യൻ മാർ ഈവാനിയോസ് ‘പിതാവിനെ അനുസ്മരിക്കുന്നു.
അന്നേ ദിവസം അഞ്ച് കുട്ടികൾ ആദ്യകുർബാന സ്വീകരിക്കും. പിതാവിന്റെ സമാപന ആശീർവാദത്തിനു ശേഷം ഭക്ഷണത്തോടു കൂടി 2024ലെ ഓൾ കാനഡ സീറോമലങ്കര കാത്തോലിക് ഫാമിലി കോൺഫറൻസ് സമാപിക്കും



